കോട്ടയം: കെവിൻ വധക്കേസിലെ അഞ്ചാംപ്രതി കൊല്ലം തെന്മല സ്വദേശി ചാക്കോ ജോണിന്റെ ആരോഗ്യനില തൃപ്തികരം. ഇന്നലെ രാവിലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ചാക്കോയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോട്ടയം സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ചാക്കോയ്ക്കു ഇസിജിയിൽ ഏറ്റക്കുറച്ചിൽ കണ്ടെത്തി. കൂടുതൽ പരിശോധനയ്ക്കു ഹൃദ്രോഗ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു.
ഏറെക്കാലമായി ചാക്കോ നേരിയ ഹൃദ്രോഗപ്രശ്നം നേരിടുന്നുണ്ട്. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി തുടങ്ങിയ ചികിത്സയ്ക്കു വിധേയമായിട്ടുള്ളയാളാണു ചാക്കോ. അതിനാൽ കാർഡിയോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചശേഷം വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കി.
പരിശോധനയിൽ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളില്ലെങ്കിലും ക്ഷീണമുള്ളതിനാൽ മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഗുരുതര പ്രശ്നമില്ലെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ പറഞ്ഞു. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവാണ് ചാക്കോ. കെവിൻ വധക്കേസിൽ ഇന്നു വാദം തുടങ്ങാനിരിക്കെയാണു ചാക്കോയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.