കോട്ടയം: കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയെന്ന് നീനു കോടതിയിൽ. കേസിന്റെ വിസ്താരത്തിനിടെയാണ് നീനു ഇക്കാര്യം പറഞ്ഞത്. തന്റെ പിതാവും ചേട്ടൻ ഷാനുവുമാണ് കെവിനെ കൊന്നതെന്നും കെവിൻ താഴ്ന്ന ജാതിക്കാരനായതിനാൽ ഒന്നിച്ചു ജീവിക്കാൻ അനുവദിക്കില്ലെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്നും നീനു കോടതിയിൽ മൊഴി നൽകി.
കെവിനെ വിവാഹം കഴിച്ചാൽ അഭിമാനക്ഷതമുണ്ടാകുമെന്ന് അവർ കരുതി. കെവിന്റെ ജാതിയായിരുന്നു പ്രശ്നം. കെവിനൊപ്പം ജീവിക്കാൻ തീരുമാനിച്ചാണ് വീടുവിട്ടത്. ഗാന്ധിനഗർ സ്റ്റേഷനിൽനിന്ന് തന്നെ ബലമായി കൊണ്ടുപോകാൻ പിതാവ് ചാക്കോ ശ്രമിച്ചിരുന്നു. കെവിനൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്നു പിതാവ് പറഞ്ഞു. സ്റ്റേഷനിൽ വച്ച് കെവിനെ എസ്ഐ കഴുത്തിനു പിടിച്ചു തള്ളി. പിതാവിനൊപ്പം പോകാൻ തയാറാകാതിരുന്നതോടെ സ്വന്തം ഇഷ്ടപ്രകാരം പോകുന്നുവെന്ന് എഴുതി വാങ്ങിയെന്നും നീനു മൊഴി നൽകി.
രണ്ടാംപ്രതി നിയാസ് തന്നെയും കെവിനെയും ഭീഷണിപ്പെടുത്തി. കെവിനെ ഫോണിൽ വിളിച്ചും നിയാസ് ഭീഷണി മുഴക്കി. കെവിന്റെ വീട്ടിൽ താമസിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. കെവിൻ മരിക്കാൻ കാരണം തന്റെ അച്ഛനും സഹോദരനുമാണ്. അതിനാൽ കെവിന്റെ അച്ഛനെയും അമ്മയേയും നോക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും നീനു കോടതിയിൽ പറഞ്ഞു. നീനുവിന്റെ ബന്ധു കൂടിയാണു രണ്ടാംപ്രതി നിയാസ്.
കെവിൻ വധക്കേസിൽ നീനുവിന്റെ വിസ്താരം കോട്ടയത്തെ കോടതിയിൽ തുടരുകയാണ്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിസ്താരം. നീനുവുമായുള്ള വിവാഹം രജിസ്റ്റർ ചെയ്തതിനു തൊട്ടടുത്ത ദിവസമാണു കെവിനെ ഷാനു ചാക്കോയും സംഘവും വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. പിറ്റേ ദിവസം കെവിന്റെ മൃതദേഹം തെൻമല ചാലിയക്കര തോട്ടിൽനിന്നു കണ്ടെത്തി. ഷാനുവാണ് കേസിൽ ഒന്നാം പ്രതി.