കോട്ടയം: കെവിൻ കേസിൽ വാട്സ്ആപ്പ് സന്ദേശവും മൊബൈൽഫോണ്‍ സംഭാഷണങ്ങളും തെളിവായി സ്വീകരിക്കരുതെന്ന് പ്രതിഭാഗം. ഇതിനൊന്നും നിയമ സാധുതയില്ല എന്നാണ് പ്രതി ഭാഗം കോടതിയിൽ വാദിച്ചത്. ഇതടക്കം പ്രോസിക്യൂഷൻ മുന്നോട്ടുവച്ച തെളിവുകൾ പ്രതിഭാഗം നിരാകരിച്ചു. കെവിനെ കൊലപ്പെടുത്തുമെന്ന രീതിയിൽ ഒന്നാംപ്രതി ഷാനു ചാക്കോ അയച്ചുവെന്നു പറയുന്ന വാട്സാപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിക്കാൻ കഴിയില്ലന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞു.
പ്രോസിക്യൂഷൻ ഹാജരാക്കിയ സന്ദേശങ്ങൾ ആധികാരികമല്ല. ഷാനു സന്ദേശം അയച്ചെങ്കിൽ തന്നെ അത് സ്വീകരിച്ച അക്കൗണ്ട് പരിശോധിക്കേണ്ടതായിരുന്നു. അത് പരിശോധിച്ചില്ല. പപ്പ കുവൈറ്റ് എന്ന അക്കൗണ്ടിലേക്കാണ് സന്ദേശം പോയതെങ്കിൽ ആ അക്കൗണ്ട് പരിശോധിക്കേണ്ടതായിരുന്നു. കേസിലെ സാക്ഷിയായ ലിജോയുടെ ഫോണ്‍ പരിശോധിക്കുന്ന കാര്യത്തിലും വീഴ്ച പറ്റി.
ഫോണ്‍ പാറ്റേണ്‍ ലോക്കാണെന്ന് അന്വേഷണസംഘം കോടതിയിൽ പറഞ്ഞു. ഫോണ്‍ കണ്ടെടുത്ത് തൊണ്ടി മഹസർ എഴുതിയപ്പോൾ ഫോണ്‍ ഫ്ലൈറ്റ് മോഡിലാക്കിയെന്ന് രേഖപ്പെടുത്തിയിരുന്നു. ലോക്ക് തുറക്കാൻ കഴിയാത്ത ഫോണ്‍ ഫ്ലൈറ്റ് മോഡാക്കുന്നത് എങ്ങനെയാണ്. മാന്നാനത്തെ നിരീക്ഷണ കാമറയിൽ പ്രതികളുടെ വണ്ടി കണ്ടുവെന്ന വാദത്തിലും കഴന്പില്ല.
ആദ്യം ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകിയ സ്റ്റേറ്റ്് ഫോറൻസിക് ലാബ് പറഞ്ഞത് രാത്രിയിലെ വീഡിയോ ദൃശ്യത്തിൽനിന്ന് നിശ്ചലദൃശ്യങ്ങൾ വേർതിരിച്ച് സൂക്ഷ്മമായി പരിശോധിച്ചു കൃത്യത വരുത്താൻ പ്രയാസമെന്നാണ്. വാദം തുടങ്ങിയശേഷം നിശ്ചലദൃശ്യം വേർതിരിച്ച് എടുക്കാമെന്ന പുതിയ റിപ്പോർട്ട് നൽകി. ഏതാണ് ശരി.പ്രതികളുടെ വാഹനം നിരീക്ഷണ കാമറാ ദൃശ്യത്തിൽ ഉണ്ടായിരുന്നുവെന്ന വാദം വിശ്വസനീയമല്ല.
കേസിലെ പ്രതി ഷാനു ചാക്കോ മാന്നാനത്ത് വാഹനം പരിശോധിച്ച ഗാന്ധിനഗർ എഎസ്ഐ ബിജുവുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങൾ ആധികാരിക തെളിവായി എടുക്കാൻ കഴിയില്ല. ഇതിന് നിയമസാധുത ഇല്ല. പ്രതിയും പോലീസുമായുള്ള സംഭാഷണം തെളിവാക്കുന്നതിന് നിയമപരമായി തടസമുണ്ട്. ഫോണ്‍ സംഭാഷണ രേഖകൾ പലതും എഡിറ്റഡാണെന്നും പ്രതിഭാഗം ആരോപിച്ചു. പ്രതിഭാഗം വാദം ഇന്നു പൂർത്തിയായേക്കും.