കോട്ടയം: കെവിൻ കേസ് ദുരഭിമാല കൊല തന്നെയെന്നു വ്യക്തമാക്കിക്കൊണ്ട് പ്രതികൾക്കെതിരേ 10 വകുപ്പുകൾ ചുമത്തി കോടതി കുറ്റപത്രം വായിച്ചു. വിസ്താരം തുടങ്ങുന്ന തീയതി നിശ്ചയിക്കുന്നതിന് കേസ് 20ലേക്ക് മാറ്റി. കോട്ടയം അഡീഷണൽ സെഷൻസ് നാലാം കോടതി ജഡ്ജി കെ.ജി. സനൽ കുമാർ ആണ് ഇന്നു രാവിലെ കുറ്റപത്രം വായിച്ചത്.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗുഢാലോചന, ഭവനഭേദനം, കുറ്റകരമായ തടഞ്ഞുവയ്ക്കൽ, ദേഹോപദ്രവം ഏൽപിക്കൽ, ഭീഷണിപ്പെടുത്തൽ, പൊതുഉദേശ്യം. തെളിവ് നശിപ്പിക്കൽ ഉൾപ്പെടെ 10 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം വായിച്ചത്. പ്രതികൾ എല്ലാം കോടതിയിൽ ഹാജരായിരുന്നു. കുറ്റം പ്രതികൾ നിഷേധിച്ചു. സാക്ഷി വിസ്താരം തുടങ്ങുന്ന തീയതി നിശ്ചയിക്കുന്നതിന് കേസ് 20ലേക്ക് മാറ്റി.
പ്രസ്പെഷൽ പ്രോസിക്യൂട്ടർ സി.എസ്. അജയൻ, പ്രോസിക്യൂഷൻ സഹായികളായി അഭിഭാഷകരായ ലിജോ കുര്യൻ ജോസഫ്, നിബു ജോണ്, നിരഞ്ജന നടുവത്തറ എന്നിവരും കോടതിയിൽ ഹാജരായി. കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ട് വട്ടപ്പാറ വാടകയ്ക്കു താമസിക്കുന്ന ജോസഫിന്റെ മകൻ കെവിൻ പി. ജോസഫി(23)നെ കഴിഞ്ഞ മേയ് 27 പുലർച്ചെ 2.30ന് മാന്നാനത്തെ ബന്ധുവീട്ടിൽ നിന്നും ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോകുകയും പിറ്റേന്നു പുലർച്ചെ തെന്മലയ്ക്കു സമീപം ചാലിയക്കര തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
തെന്മല ഒറ്റയ്ക്കൽ സാനുഭവനിൽ ചാക്കോയുടെ മകൾ നീനുവിനെ പ്രേമിച്ച് വിവാഹം കഴിച്ചുവെന്ന വൈരാഗ്യത്തിനാണ് കെവിനെ തട്ടിക്കൊണ്ടുപോയത്. വിദേശത്തിരുന്ന് നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ ആസൂത്രണം ചെയ്ത കൊലപാതകമാണ് കെവിന്റെതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കെവിനെ കൊലപ്പെടുത്തുന്നതിനായി ബോധപൂർവം പുഴയിൽ ചാടിക്കുകയായിരുന്നു. 13 മൊബൈൽ ഫോണുകളും നാല് ആയുധങ്ങളും പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ഇതിൽ കെവിന്റെ ലുങ്കിയും ഉൾപ്പെടുന്നതാണ് പ്രധാന തെളിവുകൾ. പ്രോസിക്യൂഷൻ 186 സാക്ഷികളും 118 രേഖകളും കോടതിയിൽ ഹാജരാക്കും.