കോട്ടയം: കെവിൻ കേസ് ദുരഭിമാന കൊലയുടെ ഗണത്തിൽപ്പെടുത്തി വിചാരണ നടത്തും. ഇതു സംബന്ധിച്ച് സ്പെഷൽ പ്രോസിക്യൂട്ടർ സി.എസ്.അജയൻ അഡീഷണൽ സെഷൻസ് നാലാം കോടതിയിൽ നൽകിയ ഹർജി അംഗീകരിച്ചു. ഇതോടെ ഈ കേസ് ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പറയും. വിചാരണ തുടങ്ങുന്ന തീയതി നിശ്ചയിക്കുന്നതടക്കമുള്ള അനന്തര നടപടികൾക്കായി കേസ് 21ലേക്കു മാറ്റിവച്ചുകൊണ്ട് ജഡ്ജി കെ.ജി.സനൽകുമാർ ഉത്തരവായി.
ശക്തിവാഹിനി കേസിൽ സുപ്രീകോടതി വിധി ചൂണ്ടിക്കാട്ടിയാണ് സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹർജി നല്കിയത്. കഴിഞ്ഞ 29നു വാദം പൂർത്തിയായിരുന്നു. കേസിൽ 14 പ്രതികളുള്ളതിൽ നാലു പേർ ജാമ്യത്തിലാണ്. ബാക്കി ഒന്പതു പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി.
മൂന്നാം പ്രതി എൻ. നിഷാദ്, 14-ാം പ്രതി റെനീഷ്, ആറാം പ്രതി മനു മുരളീധരൻ, 13-ാം പ്രതി ഷിനു, 12-ാം പ്രതി ഷാനു ചാക്കോ എന്നിവർ ജാമ്യത്തിലാണ്. ഇപ്പോൾ റിമാൻഡിൽ കഴിയുന്ന പ്രതികളായ നിയാസ് മോൻ, നിയാസ് ഇസ്മായേൽ, റിയാസ്, നീനുവിന്റെ പിതാവ് ചാക്കോ, ഷിഫിൻ സജാത്, ടിറ്റു ജെറോം, വിഷ്ണു, ഫസിൽ ഷെറീഫ്, ഷാനു, എന്നിവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി.
കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ട് വട്ടപ്പാറ വാടകയ്ക്കു താമസിക്കുന്ന ജോസഫിന്റെ മകൻ കെവിൻ പി. ജോസഫി(23)നെ കഴിഞ്ഞ മേയ് 27 പുലർച്ചെ 2.30നു മാന്നാനത്തെ ബന്ധുവീട്ടിൽനിന്നും ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോകുകയും പിറ്റേന്നു പുലർച്ചെ തെന്മലയ്ക്കുസമീപം ചാലിയക്കര തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
തെന്മല ഒറ്റയ്ക്കൽ സാനുഭവനിൽ ചാക്കോയുടെ മകൾ നീനുവിനെ പ്രേമിച്ചു വിവാഹം കഴിച്ചുവെന്ന വൈരാഗ്യത്തിനാണു കെവിനെ തട്ടിക്കൊണ്ടുപോയത്. വിദേശത്തിരുന്ന് നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ ആസൂത്രണം ചെയ്ത കൊലപാതകമാണു കെവിന്റെതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
13 മൊബൈൽ ഫോണുകളും നാല് ആയുധങ്ങളും പ്രതിയുടെ വീട്ടിൽനിന്നും കണ്ടെടുത്തു. ഇതിൽ കെവിന്റെ ലുങ്കിയും ഉൾപ്പെടും. 186 സാക്ഷികളും 118 രേഖകളും ഉണ്ട്. പ്രോസിക്യൂഷൻ സഹായികളായി അഭിഭാഷകരായ ലിജോ കുര്യൻ ജോസഫ്, നിബു ജോണ് എന്നിവരും കോടതിയിൽ ഹാജരായി.