കോട്ടയം: കെവിൻ വധക്കേസിൽ മൂന്നുപേരുടെ ജാമ്യപേക്ഷയിൽ വാദം കേട്ട കോടതി വിധി പറയുന്നതിനു കേസ് 25ലേക്കു മാറ്റിവച്ചു. കേസിലെ ഏഴ്, 10, 12 പ്രതികളായ ഷെഫിൻ ഷിജാദ്, വിഷ്ണു, ഷാനു എന്നിവരുടെ ജാമ്യാപേക്ഷയാണു ഇന്നലെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി നാല് ജഡ്ജി കെ.ജി. സനൽകുമാർ പരിഗണിച്ചത്.
കേസിൽ വിസ്താരം ഉടൻ ആരംഭിക്കണമെന്നു കാണിച്ച് സ്പെഷൽ പ്രോസിക്യൂട്ടർ സി.എസ്. അജയൻ നല്കിയ ഹർജി ഇന്നലെയും പരിഗണിച്ചില്ല. മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേട്ടതിനാൽ വിസ്താരം ആരംഭിക്കണമെന്ന ഹർജി 29ലേക്കു മാറ്റി വയ്ക്കുകയായിരുന്നു.
കേസിലെ മുഴുവൻ പ്രതികളെയും ഇന്നലെ കോടതിയിൽ എത്തിച്ചിരുന്നു. പ്രതികളെ കോടതിയിൽ എത്തിച്ച സമയത്ത് കെവിന്റെ പിതാവ് രാജൻ എന്ന ജോസഫ് കോടതി പരിസരത്ത് എത്തി.നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകൻ കെവിനെ (24) ഭാര്യ നീനുവിന്റെ ബന്ധുക്കളും സഹായികളും ചേർന്നു കൊലപ്പെടുത്തിയെന്നാണു കേസ്.
മേയ് 24നു രാത്രിയാണു കെവിനെ കൊല്ലം തെ·ല സ്വദേശികളായ പ്രതികൾ തട്ടിക്കൊണ്ടുപോയത്. നീനുവിനെ കെവിൻ പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള ദുരഭിമാനംമൂലം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ വാദം.
കോട്ടയം ക്രൈബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിച്ചത്. കേസിൽ 186 സാക്ഷികളും 180 തെളിവു പ്രമാണരേഖകളുമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്.