കോട്ടയം: ഏറെ കോളിളക്കം സൃഷ്ടിച്ച കെവിൻ വധക്കേസിൽ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ കോട്ടയം സെഷൻസ് നാലാം കോടതി തള്ളി. നാലാം പ്രതി റിയാസ് അഞ്ചാം പ്രതി ടിറ്റു ജെറോം എന്നിവരുടെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ.ജി. സനൽകുമാർ ഇന്നലെ തള്ളിയത്. പ്രതികൾക്ക് ജാമ്യം നല്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. നാലു പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വാദം കേട്ട് വിധി പറയുന്നതിനായി മാറ്റിവച്ചു.
അഞ്ചാം പ്രതി ചാക്കോ ജോണിന്റെ ജാമ്യാപേക്ഷയിൽ ഇന്നലെ വാദം കേട്ടു. പ്രതിക്ക് ജാമ്യം നല്കിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കേസിലെ മുഖ്യ സൂത്രധാരൻ ചാക്കോ ജോണ് ആണെന്നും സ്പെഷൽ പ്രോസിക്യൂട്ടർ സി.എസ്. അജയൻ വാദിച്ചു.
ഇതേതുടർന്നു കേസ് വിധി പറയുന്നതിനായി 12 ലേക്കു മാറ്റി. ഈ കേസിന്റെ വിചാരണ നടപടികൾ ഉടൻ ആരംഭിച്ചേക്കും. ഇക്കാര്യത്തിൽ 22ന് വിധി പറയും. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ ലിജോ കുര്യൻ ജോസഫ്, നെബുജോണ് എന്നിവരും കോടതിയിൽ ഹാജരായി.