കോട്ടയം: കെവിൻ വധക്കേസിൽ കൂറുമാറിയ സാക്ഷികൾക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നു പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും. വിസ്താരത്തിനിടെ കേസിലെ ഏഴ് സാക്ഷികൾ പ്രതികൾക്കനുകൂലമായി മൊഴി മാറ്റിയിരുന്നു.
അതേസമയം കെവിൻ വധക്കേസിലെ സാക്ഷിയെ മർദ്ദിച്ച പ്രതികളുടെ ജാമ്യം കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കി. കോടതിയിൽ സാക്ഷി പറയരുതെന്നാവശ്യപ്പെട്ട് 37-ാം സാക്ഷി രാജേഷിനെയാണ് ആറാം പ്രതിയായ മനു, 13-ാം പ്രതിയായ ഷിനു എന്നിവർ ചേർന്നു മർദിച്ചത്. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ കാര്യം 11-ാം പ്രതി തന്നോടു പറഞ്ഞിരുന്നുവെന്നും രാജേഷ് കോടതിയിൽ മൊഴി നൽകി. രാജേഷ് ഉൾപ്പടെ ആറ് സാക്ഷികളെയാണു ഇന്നലെ കോടതി വിസ്തരിച്ചത്.
കെവിൻ വധക്കേസിലെ പ്രതികളായ ഫസൽ, ഷിനു, ഷെഫിൻ എന്നിവരുടെ സുഹൃത്താണു കേസിലെ 37-ാം സാക്ഷിയായ രാജേഷ്. കേസിൽ ഒളിവിൽ കഴിയുന്നതിനിടെ 11-ാം പ്രതിയായ ഫസിൽ രാജേഷിനെ കാണാനെത്തി. വീടാക്രമിച്ചു കെവിനെയും അനീഷിനെയും തട്ടികൊണ്ടു പോയ കാര്യം പറഞ്ഞിരുന്നു.
പോലീസിന് രാജേഷ് നൽകിയ സാക്ഷി മൊഴി പ്രതികൾക്കനുകൂലമായി മാറ്റി പറയണമെന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം. ജാമ്യത്തിലുള്ള ആറാം പ്രതി മനു മുരളീധരൻ, 13-ാം പ്രതി ഷിനു നാസർ എന്നിവർ പുനലൂർ മാർക്കറ്റിന് സമീപത്തു വച്ചാണു മർദ്ദിച്ചതെന്ന് രാജേഷ് കോടതിയിൽ പറഞ്ഞു. രാജേഷിനെ മർദ്ദിച്ച പ്രതികളുടെ ജാമ്യം കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കി.
പ്രതികളായ വിഷ്ണു, ഷാനു, നിഷാദ്, ടിറ്റു, റെമീസ്, ഷിനു, ഷെഫിൻ, ഫസിൽ എന്നിവരെ രാജേഷ് തിരിച്ചറിയുകയും ചെയ്തു. രാജേഷ് ഉൾപ്പടെ ആറു സാക്ഷികളെയാണു കോടതി വിസ്തരിച്ചത്. കെവിന് ജാതി സർട്ടിഫിക്കറ്റ് നൽകിയ തഹസിൽദാരും കോടതിയിൽ ഹാജരായി മൊഴി നൽകി. കെവിന്റെതു ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷൻ വാദത്തിന് ബലം നൽകുന്ന രേഖയുടെ ആധികാരികതയിലാണ് തഹസിൽദാർ വ്യക്തതനൽകിയത്.