കൊച്ചി: കെവിൻ വധക്കേസിലെ മുഖ്യപ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോ ജോണ്, സഹോദരൻ ഷാനു ചാക്കോ എന്നിവരുൾപ്പെടെ കേസിലെ പ്രതികളായ 10 പേരുടെ ജാമ്യഹർജികൾ ഹൈക്കോടതി തള്ളി. കേസിലെ മൂന്നാം പ്രതി ഇഷാൻ ഇസ്മായിൽ, ആറാം പ്രതി മനു മുരളീധരൻ, 11-ാം പ്രതി ശരീഫ്, 13-ാം പ്രതി ഷിനു എന്നിവർക്കു ഹൈക്കോടതി ഉപാധികളോടെ ജാമ്യമനുവദിച്ചു.
ദുരഭിമാന കൊലക്കേസിലെ മറ്റു പ്രതികളായ ടിറ്റു ജെറോം, റിയാസ്, ഷിഫിൻ സജാദ്, നിഷാദ് അടക്കമുള്ളവരുടെ ജാമ്യഹർജിയാണു ഹൈക്കോടതി തള്ളിയത്. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു പ്രധാനപങ്ക് വഹിച്ചിട്ടുള്ള പ്രതിയാണ് ചാക്കോയെന്നു സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
കെവിന്റെ മരണവുമായി തനിക്കു ബന്ധമില്ലെന്നും മേയ് 29ന് അറസ്റ്റിലായ തന്നെ ഇനിയും തടവിൽ പാർപ്പിക്കുന്നത് അന്യായമാണെന്നും ചൂണ്ടിക്കാട്ടിയാണ് ചാക്കോ ഹർജി നൽകിയിരുന്നത്.