കോട്ടയം: കെവിൻ കൊലക്കേസിൽ ഇരുപത്തിയെട്ടാം സാക്ഷി കൂറുമാറി. അബിൻ പ്രദീപാണ് കൂറുമാറിയത്. പോലീസ് ഭീഷണിപ്പെടുത്തിയത് മൂലമാണ് പ്രതികൾക്കെതിരെ രഹസ്യമൊഴി നൽകിയതെന്നും അബിൻ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പറഞ്ഞു.
കെവിനെ തട്ടികൊണ്ട് പോകുന്നതുൾപ്പെടെ അറിഞ്ഞിരുന്നെന്നാണ് അബിൻ ആദ്യം മൊഴി നൽകിയിരുന്നത്. അക്രമത്തിനുപയോഗിച്ച വാൾ ഒളിപ്പിക്കുന്നത് കണ്ടതായും അബിൻ മൊഴി നൽകിയിരുന്നു. ഇക്കാര്യം രഹസ്യമൊഴിയായും നൽകിയിരുന്നു. ഈ മൊഴിയാണ് വിചാരണയ്ക്കിടെ മാറ്റിപ്പറഞ്ഞത്.
അതേസമയം കേസിൽ ഒന്നാം പ്രതി ഉൾപ്പടെ പന്ത്രണ്ട് പ്രതികളെ ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരൻ ബിജു തിരിച്ചറിഞ്ഞു. ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവർ മേയ് 27 ന് പുലർച്ചെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയെന്നാണ് മൊഴി. തട്ടുകടയിൽ ഇതിനിടെ പ്രതികളുമായി തർക്കമുണ്ടായെന്നും ഷാനു ചാക്കോയാണ് പണം നൽകിയതെന്നും ബിജു കോടതിയിൽ പറഞ്ഞു.
കെവിനുമായുള്ള വിവാഹശേഷം നീനു താമസിച്ച ഹോസ്റ്റലിന്റെ നടത്തിപ്പുകാരൻ ബെന്നി ജോസഫും കോടതിയിൽ മൊഴി നൽകി. കെവിനും മുഖ്യസാക്ഷി അനീഷുമാണ് നീനുവിനെ ഹോസ്റ്റലിൽ എത്തിച്ചതെന്നും ഒരു വർഷം താമസ സൗകര്യം വേണമെന്നാണ് പറഞ്ഞതെന്നും ബെന്നി കോടതിയെ അറിയിച്ചു.