കോട്ടയം: കെവിൻവധക്കേസിൽ അടുത്ത 22ന് നടക്കുന്ന പ്രതിഭാഗം വാദം കൂടി പൂർത്തിയായാൽ കുറ്റപത്രം വായിക്കൽ അടക്കമുള്ള വിസ്താരം തുടങ്ങുന്നതിനുള്ള നടപടികളിലേക്ക് കോടതി കടക്കും. പ്രോസിക്യൂഷൻ ഭാഗത്തെ പ്രാഥമിക വാദം പൂർത്തിയായിരുന്നു.
നട്ടാശേരി കെവിൻ പി. ജോസഫിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതികൾക്കെതിരേ കുറ്റപത്രം ചുമത്തുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക വാദമാണ് ഇപ്പോൾ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി നാല് ജഡ്ജി കെ.ജി. സനൽ കുമാർ മുന്പാകെ നടന്നു വരുന്നത്.
പ്രോസിക്യൂഷനു വേണ്ടി അഡ്വ. സി.എസ്. അജയൻ കോടതിയിൽ ഹാജരായി. 14 പ്രതികൾക്കെതിരെയും തുല്യകുറ്റക്കാരായി 10 വകുപ്പുകൾ ചുമത്തി. വധശിക്ഷ ലഭിക്കാവുന്ന നരഹത്യ, കൊലപാതകം (302), തട്ടിക്കൊണ്ടുപോകൽ, തട്ടിക്കൊണ്ടുപോയി വിലപേശൽ (364 എ), ഗൂഢാലോചന (120 ബി), ഭവന ഭേദനം (449), പരിക്കേൽപ്പിക്കൽ (321), തടഞ്ഞുവയ്ക്കൽ (342), ഭീഷണിപ്പെടുത്തൽ (506 രണ്ട്), വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്്ടം വരുത്തൽ (427), തെളിവുനശിപ്പിക്കൽ (201), പൊതു ഉദ്ദേശ്യം (34) തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കുമെന്നു പ്രോസിക്യൂഷൻ വാദിച്ചു.
ഇതിനാവശ്യമായ തെളിവുകൾ, സാക്ഷി മൊഴികൾ, രേഖകൾ, പ്രമാണങ്ങൾ എന്നിവ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. 176 സാക്ഷികൾ, 170 പ്രമാണങ്ങൾ, മൂന്നു വാഹനങ്ങൾ, പ്രതികൾ സഞ്ചരിച്ച മൂന്നു കാറുകൾ, 190 രേഖകൾ, പോസ്റ്റുമോർട്ടം റിപ്പോർട്ട്, മൊബൈൽ ഫോണ്, ശാസ്ത്രീയ തെളിവുകൾ, ഫോണ് കോൾ ലിസ്റ്റ്, സിസിടിവി ദൃശ്യങ്ങൾ എന്നിവ കോടിയിൽ ഹാജരാക്കി.
സംശയാസ്പദമായി കേസ് തെളിയിക്കാൻ സാധിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കൊലപാതകത്തിനു ദൃക്സാക്ഷികളില്ലെന്നും ശക്തമായ സാഹചര്യത്തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രാഥമിക വാദം നടന്ന ദിവസം കേസിലെ 14 പ്രതികളെയും കോടതിയിൽ എത്തിച്ചിരുന്നു.
നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ ഷാനു ഉൾപ്പെടെയുള്ള ആറു പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി നിരസിച്ചിരുന്നു. എട്ടു മാസത്തിലധികമായി പ്രതികൾ ജയിലിൽ കഴിയുകയാണ്.പ്രതികളായ സാനു ചാക്കോ, നിയാസ്മോൻ, ഇഷാൻ, റിയാസ്, ചാക്കോ, മനു മുരളീധരൻ, ഷെഫിൻ, നിഷാദ്, ടിറ്റോ ജെറോ, വിഷ്ണു, ഫസിൽ ഷെരീഫ്, ഷാനു ഷാജഹാൻ, ഷിനു നാസർ, റെമീസ് എന്നിവരെ കോടതിയിൽ ഹാജരാക്കിയിരുന്നു. കെവിന്റെ പിതാവ് ജോസഫും സുഹൃത്ത് അനീഷും വാദം കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു.