കോട്ടയം: കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയ പ്രതികൾ ഗാന്ധിനഗർ എഎസ്ഐയുമായി മൊബൈൽ ഫോണിൽ നടത്തിയ സംഭാഷണം ഒന്നാം സാക്ഷിയും കെവിന്റെ ബന്ധുവുമായ അനീഷ് തിരിച്ചറിഞ്ഞു. 2018 മേയ് 27ന് രാവിലെ അഞ്ചു മണിക്കു ശേഷമാണ് ഇവർ ഫോണിൽ സംസാരിച്ചത്.
പുലർച്ചെ അനീഷിന്റെ വീട്ടിലെത്തിയ പ്രതികൾ കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോകുന്ന വഴിക്കാണ് എഎസ്ഐയുമായുള്ള സംഭാഷണം. നീനുവിനെ വിട്ടു തന്നില്ലെങ്കിൽ ്അനീഷിനെയും കെവിനെയും കൊന്നുകളയുമെന്നാണ് ഒന്നാം പ്രതി ഷാനു ചാക്കോ എഎസ്ഐ ബിജുവിനോട് പറഞ്ഞത്. ഇന്നലെ കോടതി മുറിയിൽ സംഭാഷണം വീണ്ടും കേൾപ്പിച്ചപ്പോൾ അനീഷ് തിരിച്ചറിഞ്ഞു.
എഎസ്ഐ ബിജു തന്നെയാണ് ഫോണിൽ സംഭാഷണം റിക്കാർഡ് ചെയ്തത്. ഷാനു ചാക്കോയുടേതാണ് സംഭാഷണമെന്ന് അനീഷ് തിരിച്ചറിഞ്ഞു. കേസിലെ നിർണായക തെളിവാണിതെന്ന് പ്രോസിക്യൂഷൻ അവകാശപ്പെട്ടു. അനീഷിന്റെ ക്രോസ് വിസ്താരം ഇന്നലെ പൂർത്തിയായിരുന്നു. ഇന്നു വീണ്ടും അനീഷിന്റെ പ്രോസിക്യൂഷൻ തുടർ വിചാരണ നടക്കും. അതിനു ശേഷം കെവിന്റെ ഭാര്യ നീനു, കെവിന്റെ പിതാവ് ജോസഫ് എന്നിവരെ പ്രോസിക്യൂഷൻ വിസ്തരിക്കും.
സംഭവത്തിനുശേഷം ആദ്യമായിട്ടാണ് പിതാവിനെയും സഹോദ രനെയും ഇന്ന് നീനു കോടതിയിൽ കണ്ടുമുട്ടുന്നത്. അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടു പോയ വാഹനങ്ങളുടെ തിരിച്ചറിയലും ഇന്നു നടക്കും. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സി. ജയചന്ദ്രനാണ് വിസ്താരം കേൾക്കുന്നത്.
ദുരഭിമാനത്തിന്റെ പേരിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിൽ 14 സാക്ഷികളാണുള്ളത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ സി.എസ്.അജയൻ, സഹായികളായി അഭിഭാഷകരായ ഷിന്റോ കുര്യൻ ജോസഫ്, നിബുജോണ്, നിരഞ്ജന നടുവത്തറ എന്നിവരും കോടതിയിൽ ഹാജരായി.