കോട്ടയം: കോടതിയുടെ വേനൽ അവധി പോലും വേണ്ടെന്നു വച്ച് ഒന്നര മാസം കൊണ്ട് കെവിൻ കൊലപാതക കേസ് വിചാരണ പൂർത്തിയാക്കും. 24ന് ആരംഭിക്കുന്ന വിചാരണ ജൂണ് ആറിന് പൂർത്തിയാക്കാനാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ്. 12 മുതൽ മെയ് 25 വരെ എല്ലാ കോടതികൾക്കും വേനൽ അവധിയാണ്. പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അവധിയില്ല.
കേസിലെ 187 സാക്ഷികൾക്ക് സമൻസ് അയയ്ക്കാൻ ജഡ്ജി സി. ജയചന്ദ്രൻ നിർദേശിച്ചു. ദുരഭിമാനക്കൊലയായി പരിഗണിച്ചു വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.കഴിഞ്ഞ ദിവസം കേസ് വിളിച്ചപ്പോൾ കേസിലെ മുഴുവൻ പ്രതികളും കോടതിയിൽ ഹാജരായി. കുറ്റപത്രത്തിലെ തെറ്റുകൾ തിരുത്തി പുതിയ കുറ്റപത്രം പ്രതികളെ വായിച്ചു കേൾപിച്ചു.
കെവിനെയും ഒന്നാം സാക്ഷി അനീഷിനെയും തട്ടിക്കൊണ്ടുപോയ സമയത്ത് വണ്ടിയിൽവച്ച് അനീഷിനെ മർദിച്ചെന്ന വിവരം പുതുക്കിയ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. പ്രതികളുടെ ക്രമം തെറ്റിയതും പുതിയ കുറ്റപത്രത്തിൽ ശരിയാക്കി.
ദളിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ നീനുവിനെ വിവാഹം ചെയ്തതിലുള്ള ദുരഭിമാനമാണു കൊലപാതകത്തിനു കാരണമെന്നാണ് കുറ്റപത്രം.
നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകൻ കെവിനെ (24) ഭാര്യ നീനുവിെൻറ ബന്ധുക്കളും സഹായികളും ചേർന്നു കൊലപ്പെടുത്തിയെന്നാണു കേസ്. 2018 മേയ് 27നാണു കേസിനാസ്പദമായ സംഭവം. കെവിൻ വധക്കേസ് ദുരഭിമാനക്കൊലയാണെന്നു കണ്ടെത്തി കൊലക്കുറ്റം ഉൾപ്പെടെ പ്രതികൾക്കെതിരെ 10 വകുപ്പുകൾ ചുമത്തിയാണ് കോടതി കുറ്റപത്രം നല്കിയിരിക്കുന്നത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, ഭവനഭേദനം, കുറ്റകരമായ തടഞ്ഞുവയ്ക്കൽ, ദേഹോപദ്രവം ഏൽപിക്കൽ, ഭീഷണിപ്പെടുത്തൽ, പൊതുഉദ്ദേശ്യം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണു ചുമത്തിയത്.
കൊല്ലം തെ·ല സ്വദേശികളായ പ്രതികൾ നീനുവിനെ കെവിൻ പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള ദുരഭിമാനംമൂലം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ വാദം. കേസിൽ നീനുവിന്റെ പിതാവ് കൊല്ലം തെ·ല ഒറ്റക്കൽ ചാക്കോ, സഹോദരൻ സാനു എന്നിവരടക്കം 14 പ്രതികളാണുള്ളത്. കോട്ടയം ക്രൈബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിച്ചത്.
കേസിൽ 186 സാക്ഷികളും 180 തെളിവ് പ്രമാണരേഖകളും അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ട് സ്പെഷൽ പ്രോസിക്യൂട്ടർ സി.എസ്.അജയൻ, പ്രോസിക്യൂഷൻ സഹായികളായി അഭിഭാഷകരായ ലിജോ ജോസ് കുര്യൻ, നിബു ജോസ്, നിരഞ്ജന നടുവത്തറ എന്നിവർ കോടതിയിൽ ഹാജരായി.