കോട്ടയം: കെവിൻ കേസിൽ വിചാരണ ഈമാസം തന്നെ ആരംഭിച്ചേക്കും. വിചാരണ തീയതി പ്രഖ്യാപിക്കുന്നതിന് കേസ് ആറിലേക്കു മാറ്റി. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇന്നലെ കേസ് പരിഗണിച്ചത്. കുറ്റപത്രത്തിൽ ഗൂഢാലോചനയിലും തട്ടിക്കൊണ്ടുപോകലിലും പങ്കെടുത്ത പ്രതികളുടെ പേരുകൾ തെറ്റായാണ് രേഖപ്പെടുത്തിയതെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി.
രണ്ടും നാലും പ്രതികൾ എന്നസ്ഥാനത്ത് ഒന്നു മുതൽ നാലുവരെ എന്നും ആറും ഏഴും പ്രതികൾക്കു കുറ്റംചേർത്തിരിക്കുന്ന തെറ്റുകൾ തിരുത്തണമെന്നുമായിരുന്നു ആവശ്യം. പരിശോധിച്ചു പിശകുണ്ടെങ്കിൽ തിരുത്തിയ കുറ്റപത്രം ആറിനു കേസ് വീണ്ടും പരിഗണിക്കുന്പോൾ പ്രതികളെ വായിച്ചു കേൾപ്പിക്കും.അസാധാരണ കേസുകളിൽ ഇത്തരം പിഴവുകൾ കടന്നുകൂടാറുണ്ടെന്നും അത്തരം സാഹചര്യങ്ങളിൽ കുറ്റപത്രത്തിൽ തിരുത്തലുകൾ വരുത്താൻ പ്രിൻസിപ്പൽ കോടതിക്ക് അധികാരമുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
കേസിൽ കസ്റ്റഡിയിലെടുത്ത ഒന്നാംപ്രതി സാനു ഉപയോഗിച്ച കാർ വിട്ടുനൽകണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷയും കോടതി തള്ളി. നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകൻ കെവിനെ (24) ഭാര്യ നീനുവിന്റെ ബന്ധുക്കളും സഹായികളും ചേർന്നു കൊലപ്പെടുത്തിയെന്നാണു കേസ്. 2018 മേയ് 27നാണു കേസിനാസ്പദമായ സംഭവം. കെവിൻ വധക്കേസ് ദുരഭിമാനക്കൊലയാണെന്നു കണ്ടെത്തി കൊലക്കുറ്റം ഉൾപ്പെടെ പ്രതികൾക്കെതിരേ 10 വകുപ്പുകൾ ചുമത്തി കോടതി കുറ്റപത്രം വായിച്ചിരുന്നു.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, ഭവനഭേദനം, കുറ്റകരമായ തടഞ്ഞുവയ്ക്കൽ, ദേഹോപദ്രവം ഏൽപിക്കൽ, ഭീഷണിപ്പെടുത്തൽ, പൊതുഉദ്ദേശ്യം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണു ചുമത്തിയത്. കൊല്ലം തെന്മല സ്വദേശികളായ പ്രതികൾ നീനുവിനെ കെവിൻ പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള ദുരഭിമാനംമൂലം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ വാദം.
കേസിൽ നീനുവിന്റെ പിതാവ് കൊല്ലം തെന്മല ഒറ്റക്കൽ ചാക്കോ, സഹോദരൻ സാനു എന്നിവരടക്കം 14 പ്രതികളാണുള്ളത്.കോട്ടയം ക്രൈബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിച്ചത്. കേസിൽ 186 സാക്ഷികളും 180 തെളിവ് പ്രമാണരേഖകളും അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു.