കോട്ടയം: സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായ കെവിന് വധക്കേസിലെ എല്ലാ പ്രതികൾക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികൾക്കെല്ലാം 40,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ അടക്കമുള്ള പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്.
മൂന്ന് മാസം കൊണ്ടാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസിലെ വിചാരണ പൂര്‍ത്തിയാക്കിയത്. നീനുവുമായുള്ള അടുപ്പത്തിന്റെ പേരിൽ 2018 മേയ് 27നാണ് പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം.
എന്നാൽ, പ്രതികൾ ഈ കേസിനു മുൻപ് മറ്റൊരു കേസുകളിലും പ്രതികളായിരുന്നില്ല എന്നത് വധശിക്ഷ ഒഴിവാകുന്നതിനു കാരണമായി.