സി.സി.സോമൻ
കോട്ടയം: കെവിൻ വധക്കേസ് അന്വേഷണത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ ഇടപെടുന്നു. കെവിൻ വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ അടുത്ത 23ന് കമ്മീഷന്റെ ഡൽഹി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർക്കാണ് ഇതു സംബന്ധിച്ച് ദേശീയ പട്ടികജാതി കമ്മീഷൻ നിർദേശം നല്‍കിയത്.
കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി സാരഥിയാണ് കെവിൻ കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്നത്. ഇദേഹമാണ് അന്വേഷണ ഫയലുകളുമായി കമ്മീഷനു മുന്നിൽ ഹാജരാകേണ്ടത്. ചില ഇംഗ്ലീഷ് പത്രങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ സ്വമേധയാ കേസിൽ ഇടപെടുകയായിരുന്നു.
കെവിൻ കേസ് അന്വേഷിക്കുന്ന ഡിവൈ എസ്പി ഗിരീഷ് പി സാരഥി കഴിഞ്ഞ ദിവസമുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. പെണ്‍കുട്ടിയെ പ്രേമിച്ചതിന്റെ പേരിലുള്ള ദുരഭിമാന കൊലയായിരുന്നു കെവിന്റേത്. കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്നാണ് കേസ്.