ഏറ്റുമാനൂർ: കെവിൻ വധക്കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് അധികാര കേന്ദ്രത്തിന്റെ അടിത്തട്ടിൽനിന്നു സഹായം ലഭിച്ചതായി പ്രതികളുടെ കസ്റ്റഡി റിപ്പോർട്ട്. ഏറ്റുമാനൂർ മജിസ്ട്രേറ്റ് സന്തോഷ് ദാസിന്റെയാണ് നിരീക്ഷണം.
ആരോ ഇരയ്ക്കും വേട്ടക്കാരനും ഒപ്പം സഞ്ചരിക്കുന്നുണ്ട്. സംഭവത്തിൽ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. സാധാരണക്കാരന്റെ സുരക്ഷ ചോദ്യപ്പെടുന്നതായും മജിസ്ട്രേറ്റ് കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു.
കേസിൽ റിമാൻഡിലായിരുന്ന മൂന്നു പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ചൊവാഴ്ച റിമാൻഡ് ചെയ്തിരുന്ന നിയാസ്, റിയാസ്, ഇഷാൻ എന്നിവരെയാണ് ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്.
കൂടാതെ, ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയ രണ്ട് പ്രതികളെ ഏറ്റുമാനൂർ പോലീസ് പിടികൂടുകയും ചെയ്തു. നിഷാദ്, ഷെഫിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്യുന്നതിനു വേണ്ടി കോട്ടയത്തേക്ക് കൊണ്ടുപോയി.
കേസിലെ മറ്റൊരു പ്രതിയായ ടിറ്റോ ജെറോം പീരുമേട് കോടതിയിൽ കീഴടങ്ങി. ഇതോടെ കേസിൽ ഒന്പതു പേർ പിടിയിലായിട്ടുണ്ട്. ഇനിയും അഞ്ചു പേരെക്കൂടി പിടികൂടാനുണ്ട്.