കോട്ടയം: കെവിൻ പി. ജോസഫിന്റേതു മുങ്ങിമരണമാണോയെന്നു ഉറപ്പിക്കാൻ തെന്മല ചാലിയക്കരയിലെ പുഴയിൽ കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അടങ്ങുന്ന സംഘം പരിശോധന നടത്തും.
സംഭവം കൊലപാതകമാകാനുള്ള സാധ്യതകളെക്കുറിച്ച് അന്വേഷണസംഘം മെഡിക്കൽ ബോർഡിനോടു നിർദേശം ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ മെഡിക്കൽ ബോർഡ് യോഗത്തിന്റേതാണു തീരുമാനം. മുങ്ങിമരിക്കുന്നതും മുക്കിക്കൊല്ലുന്നതും എളുപ്പം തിരിച്ചറിയാനാവില്ല. ഇതുകൊണ്ടാണു പരിശോധന നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചത്.
തിരുവനന്തപുരത്തു ചേർന്ന ബോർഡ് യോഗത്തിൽ മരണം സംബന്ധിച്ച് അന്തിമ നിഗമനത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. അതേസമയം കെവിൻ ഓടിപ്പോയെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് പ്രതികൾ.