കോട്ടയം: കെവിനെയും അനീഷിനെയും അക്രമികൾ ശനിയാഴ്ച രാവിലെ മുതൽ നിരീക്ഷിച്ചിരുന്നതായി സൂചന. പെണ്കുട്ടി വിവാഹവിവരം വിളിച്ചറിയിച്ചതു മുതൽ കെവിന്റെയും ബന്ധുക്കളുടെയും ഫോണുകളിലേക്കു ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു.
കെവിനും അനീഷിനുമൊപ്പം ശനിയാഴ്ച അർധരാത്രിവരെ മാന്നാനത്തെ വീട്ടിൽ ചില സൃഹൃത്തുക്കൾ കൂട്ടിനുണ്ടായിരുന്നു. ഈ സമയമത്രയും അക്രമികൾ പ്രദേശത്തുണ്ടായിരുന്നു. സുഹൃത്തുക്കൾ മടങ്ങിയതിനു പിന്നാലെ കെവിനും അനീഷും കിടന്നു.
ഞായറാഴ്ച പുലർച്ചെ രണ്ടോടെ സംഘം വീടിന്റെ അടുക്കളവാതിൽ തകർത്ത് അകത്തു കയറി മർദനം അഴിച്ചുവിട്ടു. വീട്ടുപകരണങ്ങൾ തകർത്ത ശേഷം ഇരുവരെയും വലിച്ചിഴച്ചു വാഹനത്തിൽ കയറ്റി. മൂന്നു വാഹനങ്ങളിലായി എത്തിയ സംഘം അനീഷിനെ ഇന്നോവ കാറിലും കെവിനെ വാഗൺ ആർ കാറിലുമാണു കയറ്റിയത്. വാഹനത്തിൽ കയറ്റിയപ്പോൾ മുതൽ മർദനവും ആരംഭിച്ചിരുന്നു.
കെവിനെയും മർദിക്കുന്നതായി അവർ നടത്തിയ ഫോണ് സന്ദേശങ്ങളിൽനിന്നു മനസിലായതായി അനീഷ് പറഞ്ഞു. കൊല്ലം വരെ കൊണ്ടുപോയ ശേഷം, കെവിൻ വാഹനത്തിൽനിന്നു ചാടിപ്പോയെന്നും പറഞ്ഞു അനീഷിനെ സംഘത്തിൽപ്പെട്ട ഏതാനും പേർ തിരികെ കോട്ടയം സംക്രാന്തിയിലെത്തിച്ചു.
സംക്രാന്തിയിൽനിന്ന് ഓട്ടോയിൽ കയറി അനീഷ് ഗാന്ധിനഗർ സ്റ്റേഷനിലെത്തി നടന്ന സംഭവങ്ങൾ പറഞ്ഞെങ്കിലും പോലീസ് അന്വേഷണത്തിനു തയാറായില്ല. അക്രമിസംഘത്തെ പോലീസ് ഞായറാഴ്ച അർധരാത്രിയോടെ കൈപ്പുഴ ഭാഗത്തു കണ്ടെത്തിയിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്തെങ്കിലും വിവാഹവീട്ടിലേക്കു പോകുകയാണെന്നും വഴിതെറ്റിയതാണെന്നും പറഞ്ഞപ്പോൾ വിട്ടയച്ചു. ഇവരിൽ സംശയം തോന്നുന്ന യാതൊന്നും പോലീസിന് അപ്പോൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനു ശേഷം ഇവർ പോയതു കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകുന്നതിനായിരുന്നു.
സംഭവങ്ങൾ ഇങ്ങനെ…
- വ്യാഴം
- വ്യാഴാഴ്ച പെണ്കുട്ടി തെന്മലയിലെ വീട്ടിൽനിന്നു കോട്ടയത്തു മാന്നാനത്തു കെവിൻ താമസിക്കുന്ന വീട്ടിലെത്തി, ഉടൻ രജിസ്റ്റർ വിവാഹം നടത്തണമെന്നാവശ്യപ്പെട്ടു.
- വെള്ളി
- കെവിനും നീനുവും തമ്മിൽ രാവിലെ ഏറ്റുമാനൂർ രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ വിവാഹം. ശേഷം നീനു തെന്മലയിലെ വീട്ടിലേക്കു വിളിച്ചു വിവരം പറയുന്നു. കെവിൻ നീനുവിനെ അമലഗിരിക്കടുത്ത് അമ്മഞ്ചേരിയിലെ ലേഡീസ് ഹോസ്റ്റലിൽ താമസിപ്പിക്കുന്നു.
- നീനുവിന്റെ ബന്ധുക്കൾ തെന്മലയിൽനിന്നെത്തി മകളെ കാണാനില്ലെന്നു ഗാന്ധിനഗർ പോലീസിൽ പരാതി നൽകി.
- കെവിനെയും നീനുവിനെയും പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുന്നു.
- ഈ സമയം സ്റ്റേഷനിലെത്തിയ വീട്ടുകാർ നീനുവിനെ ബലമായി കൊണ്ടുപോകാൻ ശ്രമിക്കുന്നു.
കുതറി മാറിയ നീനു പോലീസ് സ്റ്റേഷനുള്ളിൽ അഭയം തേടി. - തുടർന്ന് കെവിനൊപ്പം പോകാൻ നീനുവിനെ പോലീസ് അനുവദിക്കുന്നു. നീനുവിനെ കെവിൻ വീണ്ടും ഹോസ്റ്റലിൽ എത്തിക്കുന്നു.
- ശനി
- നീനുവിന്റെ അമ്മയും ബന്ധുക്കളും മാന്നാനത്തു രാവിലെ കെവിൻ താമസിച്ച വീട്ടിലെത്തുന്നു.
ഇവരോടു നീനു ഇവിടെയില്ലെന്ന് കെവിൻ. ബന്ധുക്കൾ മടങ്ങി. - വൈകുന്നേരം കെവിൻ ഹോസ്റ്റലിലെത്തി നീനുവിനെ കണ്ട ശേഷം മാന്നാനത്തെ ബന്ധുവീട്ടിലേക്കു പോയി.
- ഞായർ
- പുലർച്ചെ രണ്ടിനു മാന്നാനത്തു കെവിൻ താമസിച്ച പിതൃസഹോദരിയുടെ വീട്ടിൽ വാഹനങ്ങളിലെത്തിയ പത്തംഗ സംഘം വീട് അടിച്ചു തകർത്ത് അകത്തുകയറുന്നു. കെവിനെയും പിതൃസഹോദരീപുത്രൻ അനീഷിനെയും പിടിച്ചുകൊണ്ടുപോകുന്നു.
- ബഹളം കേട്ട് എത്തുന്ന നാട്ടുകാർ ആക്രമണ വിവരം സ്റ്റേഷനിൽ അറിയിച്ചിട്ടും പോലീസ് ഗൗനിച്ചില്ല.
- രാവിലെ ഏഴിനു മകനെ കാണാനില്ലെന്ന പരാതിയുമായി കെവിന്റെ സഹോദരിയും പിതാവും ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തി.
- തൊട്ടുപിന്നാലെ നീനുവും കെവിനെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തി.
- തട്ടിക്കൊണ്ടു പോയ സംഘം 11.30ന് അനീഷിനെ സംക്രാന്തിയിൽ ഇറക്കി വിടുന്നു. മർദനത്തിലേറ്റ പരിക്കുകളുമായി അനീഷ് നേരേ പോലീസ് സ്റ്റേഷനിലെത്തി തന്നെയും കെവിനെയും തട്ടിക്കൊണ്ടുപോയ വിവരം എസ്ഐയെ അറിയിക്കുന്നു.
- ഈ സമയത്തും അനീഷിനെ അക്രമികൾ ഫോണിൽ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.
ഈ ഫോണ് നന്പരുകൾ അനീഷ് നൽകിയെങ്കിലും പോലീസ് ഗൗനിച്ചില്ല. വിഷയം മാധ്യമങ്ങൾ ഏറ്റെടുത്തതോടെ വൈകുന്നേരം അനീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുന്നു. - ഈ സമയം നീനുവിന്റെ പിതാവ് നീനുവിനെ കാണാനില്ലെന്നു ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നു.
- പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഏറ്റുമാനൂർ മജിസ്ട്രേറ്റിനു മുന്പിൽ നീനുവിനെ ഹാജരാക്കുന്നു.
- കെവിന്റെ കൂടെ പോകാനാണ് താത്പര്യമെന്ന നീനുവിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ കെവിന്റെ മാതാപിതാക്കൾക്കൊപ്പം നീനുവിനെ വിട്ടയ്ക്കുന്നു.
- തിങ്കള്
- കെവിന്റെ മൃതദേഹം പുനലൂരിലെ ചാലിയക്കരയാറ്റിൽ കണ്ടെത്തുന്നു.
- മൃതദേഹം തിരിച്ചറിയാനായി അനീഷുമായി ഗാന്ധിനഗർ പോലീസ് പുനലൂരിലേക്ക്.
- കേരളം ഞെട്ടലോടെ മരണ വാർത്ത അറിയുന്നു.
- ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ വിവിധ രാഷ്ട്രീയ പാർട്ടികൾ ഉപരോധിക്കുന്നു.
- പ്രമുഖ നേതാക്കൾ ഗാന്ധിനഗറിലേക്ക്
- വൈകുന്നേരം അഞ്ചോടെ കെവിന്റെ മൃതദേഹം മെഡിക്കൽ കോളജിലെത്തിക്കുന്നു.