കോട്ടയം : കെവിൻ കേസ് വിചാരണയ്ക്കിടെ മുൻ ഗാന്ധിനഗർ എസ്ഐ എം.എസ്.ഷിബു കോടതിയിൽ നല്കിയ മൊഴി പ്രകാരം കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. കെവിനെ തട്ടിക്കൊണ്ടു പോയ വിവരം മേലുദ്യോഗസ്ഥരും അറിഞ്ഞിരുന്നുവെന്നാണ് ഷിബു ഇന്നലെ വിചാരണ കോടതിയിൽ നല്കിയ മൊഴി.
മാന്നാനത്തെ വീടാക്രമിച്ച് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയത് 27നു രാവിലെ ആറിന് താൻ അറിഞ്ഞിരുവെന്നാണ് ഷിബുവിന്റെ മൊഴി. സംഭവം തനിക്ക് മുന്പ് മേലുദ്യോഗസ്ഥരും അറിഞ്ഞിരുന്നു എന്ന് സൂചിപ്പിക്കുന്ന വിവരങ്ങളും ഷിബു കോടതിയിൽ വെളിപ്പെടുത്തി.
ഇതോടെ കെവിൻ കേസ് അന്വേഷണത്തിൽ കൃത്യവിലോപം വരുത്തിയതിൽ മറ്റ് ഉയർന്ന ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന സൂചനയാണ് പുറത്തു വരുന്നത്. കെവിൻ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ ഇപ്പോൾ സസ്പെൻഷനിലാണ് ഷിബു.
സംഭവദിവസം രാവിലെ ആറിന് താൻ വിവരം അറിഞ്ഞത് എഎസ്ഐ വിളിച്ചുപറഞ്ഞാണ്. ഏഴിന് അന്നത്തെ ഡിവൈ എസ്പിയെ വിളിച്ച് വിവരം അറിയിച്ചപ്പോൾ എഎസ്ഐ പറഞ്ഞ സംഭവമല്ലേ താനറിഞ്ഞു എന്നായിരുന്നു മറുപടി. 10ന് താൻ എസ്പിയോടും വിവരം പറഞ്ഞു.
അതേ സമയം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ എഫ്ഐആർ ഇടാൻ വൈകിയത് എന്താണെന്ന ചോദ്യത്തിന് ഷിബു വ്യക്തമായ മറുപടി പറഞ്ഞില്ല. കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷ് മടങ്ങി വന്നശേഷം എഫ്ഐആർ ഇടാമെന്നുമുള്ള മറുപടിയാണ് ഷിബു നല്കിയത്.
വിവരങ്ങൾ അറിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെ തനിക്ക് കോട്ടയത്ത് മുഖ്യമന്ത്രിയുടെ വിഐപി ഡ്യൂട്ടി ഉണ്ടായിരുന്നു എന്ന് ഷിബു പറഞ്ഞു. നാലിന് ഡിവൈ.എസ്പി വിളിച്ച് തെൻമലയിൽ പോകാൻ ആവശ്യപ്പെട്ടു. രാത്രി ഒൻപതിനാണ് അവിടെ എത്തിയത്. 28-ന് മടങ്ങി വന്നു.
മോചനം നേടി വന്ന അനീഷിന്റെ മൊഴി എടുത്ത് എഫ്ഐ ആർ റിപ്പോർട്ട് എഴുതിയത് എഎസ്ഐ ആണ്. താൻ പറഞ്ഞുകൊടുത്തിട്ടാണ് എഴുത്ത്. 1.50 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് ഈ തട്ടിക്കൊണ്ടുപോകൽ എന്ന് പ്രതികൾ പറയുന്നത് കേട്ടു എന്ന് അനീഷ് മൊഴി നൽകിയത് റിപ്പോർട്ടിലുണ്ട്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഷിബു വ്യക്തമായ മറുപടി പറഞ്ഞില്ല.
താങ്കൾ തയ്യാറാക്കിയ റിപ്പോർട്ടല്ലേ എന്ന് ചോദിച്ചപ്പോൾ എഎസ്ഐ എഴുതിയത് എന്നായിരുന്നു മറുപടി. വായിച്ച് കേട്ട് ഒപ്പിടുന്നത് താൻ കണ്ടില്ലന്നും ഷിബു പറഞ്ഞു. താൻ അപ്പോൾ അവിടെ നിന്ന് പോയിരുന്നു. അന്ന് വൈകിട്ട് വിശദമായി അനീഷിന്റെ മൊഴി എടുക്കാനായിരുന്നു തീരുമാനം .പക്ഷേ അതിനകം തന്നെ ചുമതലയിൽ നിന്ന് മാറ്റിയെന്നും ഷിബു കോടതിയിൽ മൊഴി നല്കി.