കോട്ടയം: കെവിൻ വധക്കേസിലെ പ്രതികൾ മാന്നാനത്ത് അനീഷിന്റെ വീടാക്രമിച്ച വിവരം ഏറ്റുമാനൂർ പോലീസ് വിളിച്ചറിയിച്ചതായി ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്ഐ സണ്ണിമോൻ ഇന്നലെ കോടതിയിൽ മൊഴി നല്കി. സംഭവ ദിവസം ജിഡി ചാർജിലായിരുന്നു സണ്ണിമോൻ. അന്ന് പട്രോളിംഗിൽ ഉണ്ടായിരുന്ന എഎസ്ഐ ബിജുവിനെ ഇക്കാര്യം അറിയിച്ചതായും സണ്ണിമോൻ മൊഴി നല്കി.
നീനു എന്ന പെണ്കുട്ടിയെ കാണാനില്ലെന്നു പരാതി നല്കിയ രക്ഷിതാവിന്റെ ഫോണിലേക്ക് വിളിച്ച് മകൻ ഇപ്പോൾ എവിടെയുണ്ടെന്ന് തിരക്കണമെന്ന് ബിജു പറഞ്ഞു. ഇതനുസരിച്ച് നീനുവിന്റെ അച്ഛൻ ചാക്കോയുമായി സംസാരിച്ചു. മകൻ വിദേശത്താണെന്നായിരുന്നു മറുപടി. ഈ വിവരങ്ങൾ സ്റ്റേഷൻ രേഖകളിൽ പ്രത്യേകം രേഖപ്പെടുത്തിയിരുന്നില്ലെന്നും സ്ണ്ണിമോൻ മൊഴി നല്കി.
കെവിൻ കേസിൽ രണ്ടാംഘട്ട സാക്ഷിവിസ്താരം ഇന്നലെ ആരംഭിച്ചു. കെവിനെ തട്ടിക്കൊണ്ടു പോയ രാത്രിയിൽ പ്രതികളെ വഴിയരികിൽ കണ്ടു ചോദ്യം ചെയ്തതിന്റെ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറിയിരുന്നോയെന്ന് പ്രതിഭാഗത്തിന്റെ ചോദ്യത്തിനു കൃത്യമായ മറുപടി നൽകാൻ പോലീസുകാരൻ അജയകുമാറിനായില്ല. അതേസമയം സിവിൽ പോലീസ് ഓഫീസറായ അജയകുമാർ ഒന്നും മൂന്നും പ്രതികളെ തിരിച്ചറിഞ്ഞു.
കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ടു പോയ പ്രതികളുടെ വാഹനം പരിശോധിച്ച പോലീസുകാരിൽ അജയകുമാറുമുണ്ടായിരുന്നു. സംശയിക്കേണ്ട സാഹചര്യത്തിൽ പ്രതികളെ വിട്ടയച്ചതിന് അജയകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. പീന്നിട് സർവീസിൽ തിരിച്ചെടുത്തു.
ഒപ്പമുണ്ടായിരുന്ന എഎസ്ഐ ടി.എം. ബിജുവിനെ സർവീസിൽനിന്നും നീക്കുന്നതിനായി നോട്ടീസ് നല്കിയിട്ടുണ്ട്. കേസിന്റെ പ്രാരംഭഘട്ടത്തിൽ വീഴ്ച വരുത്തിയതിനാൽ നടപടി നേരിട്ട പോലീസുകാരിൽ രണ്ടുപേരും ഇന്നലെ ഹാജരായി. കെവിന്റെ പിതാവ് ജോസഫ് ഉൾപ്പെടെ ആറ് സാക്ഷികളെ വിസ്തരിച്ചു. മീനച്ചിലാറിനു സമീപമുളള നട്ടാശേരിയിൽ താമസിക്കുന്നതിനാൽ കെവിന് നീന്തൽ വശമുണ്ടായിരുന്നുവെന്ന് പിതാവ് ജോസഫ് പറഞ്ഞു.
കഴിഞ്ഞ മേയ് 26ന് നീനുവിനെ തിരക്കി സ്ത്രീയും ബന്ധുവായ നിയാസും വീട്ടിലെത്തിയിരുന്നു. നീനുവിനെ കണ്ടെത്തി തരണമെന്നായിരുന്നു ആവശ്യം. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയ ദിവസം പരാതി നൽകാനായി ഗാന്ധിനഗർ സ്റ്റേഷനിൽ വന്നപ്പോഴാണു താൻ ആദ്യമായി നീനുവിനെ കാണുന്നതെന്നും ജോസഫ് പറഞ്ഞു.
കെവിനെ തട്ടിക്കൊണ്ടുപോയ വിവരമറിയിച്ചിട്ടും എസ്ഐ കാര്യമായിയെടുത്തില്ല. കെവിൻ മരണപ്പെട്ടുവെന്ന വിവരം പോലീസിൽ നിന്നാണറിയുന്നത്. വെളളത്തിൽ മുക്കിക്കൊന്നതാണെന്നും മൃതദേഹം ചാലിയാറിൽ കണ്ടെത്തിയതായും അറിഞ്ഞുവെന്ന് ജോസഫ് പറഞ്ഞു.
സുഹൃദ്ബന്ധത്തിന്റെ പേരിൽ ഷാനു ചാക്കോയ്ക്ക് സിം കാർഡ് നേരത്തെ നൽകിയിരുന്ന വിഷ്ണു, നേരത്തെ നീനു താമസിച്ചിരുന്ന അമ്മഞ്ചേരിയിലെ ഹോസ്റ്റൽ ഉടമ ബെറ്റി ബെന്നി, കെവിനും നീനുവും വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി സമീപിച്ച അഭിഭാഷകന്റെ ഓഫീസിലെ ജീവനക്കാരി ജെസ്നാമോൾ എന്നിവരും ഇന്നലെ കോടതിയിൽ ഹാജരായി മൊഴി നല്കി.
പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സി.ജയചന്ദ്രൻ മുന്പാകെയാണ് വിസ്താരം നടക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ സി.എസ്.അജയൻ കോടതിയിൽ ഹാജരായി.