കോട്ടയം: കെവിൻ വധക്കേസിൽ സാക്ഷിയായ ഗാന്ധിനഗറിലെ തട്ടുകടക്കാരൻ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു. സംഭവദിവസം രാത്രി പ്രതികൾ ഗാന്ധിനഗറിലെ തട്ടുകടയിൽ എത്തുകയും അവിടെവച്ച് കടക്കാരനുമായി തർക്കമുണ്ടാകുകയും ചെയ്തിരുന്നു.
തിരിച്ചറിയൽ പരേഡിലാണ് പ്രതികളായ കൊല്ലം തെന്മല ഒറ്റക്കൽ ഷിയാനു ഭവനിൽ ഷാനു ചാക്കോ(26), പുനലൂർ തെങ്ങുംതറ പുത്തൻവീട്ടിൽ മനു മുരളീധരൻ(26), കൊല്ലം പത്തനാപുരം ഇടമണ്‍ 34 തേക്കിൽകൂപ്പ് നിഷാന മൻസിലിൽ നിയാസ് മോൻ (ചിന്നു- 23), റിയാസ് മൻസിലിൽ ഇബ്രാഹിം റിയാസ് (26), താഴത്തുവീട്ടിൽ ഇഷാൻ (20), പുനലൂർ ചാലുപറന്പിൽ നിഷാദ്(24), മരുതമണ്‍ ഷെഫിൻ(27), പുനലൂർ ഇളന്പലിൽ ടിറ്റോ ജെറോം(23) എന്നിവർ അടക്കമുള്ള 13 പ്രതികളെയുമാണു തട്ടുകടക്കാരൻ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ 27നു പുലർച്ചെ ഒന്നരയോടെയാണു മാന്നാനം പള്ളിത്താഴെയുള്ള വീട്ടിലെത്തിയ സംഘം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയത്. അനീഷിന്റെ വീട്ടിലേക്ക് എത്തും മുന്‍പു പ്രതികൾ ഗാന്ധിനഗറിലെ ലോഡ്ജിൽ മൂന്ന് മുറിയെടുത്തു. ഇവിടെവച്ചാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത്.
ഒരു മണിക്കൂറിനുശേഷം ഇവർ മുറികളൊഴിഞ്ഞു. തുടർന്ന് തട്ടുകയിൽ കയറി ഭക്ഷണം കഴിച്ചു. പതിമൂന്നു പേർ ഭക്ഷണം കഴിക്കുകയും ഒരാൾക്ക് പാഴ്സൽ വാങ്ങുകയും ചെയ്തു. ഭക്ഷണം കഴിച്ചശേഷം ബിൽ നൽകുന്നതിനിടെ പ്രതികളും തട്ടുകടക്കാരനും തമ്മിൽ ദോശയുടെ എണ്ണത്തെച്ചൊല്ലി തർക്കമുണ്ടായി. ആകെ 1016 രൂപ ബിൽ ആയി. പ്രതികൾ ആയിരം രൂപ നൽകി.
ഏറ്റുമാനൂരിലെ രഹസ്യകേന്ദ്രത്തിൽ നടന്ന തെളിവെടുപ്പിലാണ് തട്ടുകടക്കാരൻ പതിമൂന്നു പ്രതികളെയും തിരിച്ചറിഞ്ഞത്. ഇത് കേസിൽ നിർണായകമാകും.