തിരുവനന്തപുരം: കോട്ടയത്തെ നവവരൻ കെവിന്റെ കൊലപാതകത്തിലെ മുഖ്യ പ്രതി ഷാനു ചാക്കോയുടെ തിരുവനന്തപുരത്തെ ഭാര്യ വീട് പോലീസ് നിരീക്ഷണത്തിൽ. പേരൂർക്കട വഴയില രാധാകൃഷ്ണ ലൈനിലാണ് ഷാനു ചാക്കോയുടെ ഭാര്യ വീട്.
അഞ്ച് ദിവസം മുൻപാണ് ഷാനു വിദേശത്ത് നിന്നും നാട്ടിലെത്തിയത്. വിദേശത്ത് നിന്നും നാട്ടിലെത്തിയ ശേഷം പേരൂർക്കടയിലെ ഭാര്യ വീട്ടിലാണ് എത്തിയത്. കൃത്യത്തിന് ശേഷം ഷാനു ചാക്കോ ഭാര്യ വീട്ടിലെത്തിയെന്ന സംശയത്തെ തുടർന്ന് പോലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു.
പാസ്സ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളുമായാണ് ഷാനു ചാക്കോ കടന്ന് കളഞ്ഞതെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്. ഇയാൾ രാജ്യം വിട്ട് പോകാതിരിക്കാൻ എല്ലാ വിമാനത്താവളങ്ങളിലും പോലീസ് ലുക്കൗട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
ചെന്നൈ വിമാനത്താവളം വഴി ഇയാൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന സംശയത്താൽ പോലീസ് സംഘം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ രാഷ്ട്രദീപികയോട് പറഞ്ഞു.
പോലീസ് സംഘം തമിഴ്നാട്ടിൽ
തെന്മല: കോട്ടയം സ്വദേശി കെവിന് പി ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ ഇന്ന് പിടിയിലായേക്കും. നീനുവിന്റെ സഹോദരന് ഷാനു ചാക്കോ ഉള്‍പ്പെടെ ഇളമ്പല്‍,പുനലൂര്‍,ഇടമണ്‍,തെന്മല സ്വദേശികളായ പന്ത്രണ്ട് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
ഇതില്‍ ഇടമണ്‍ സ്വദേശി ഇഷാന് ആദ്യം തന്നെ പോലീസിന്റെ പിടിയിലായിരുന്നു.ഇന്നലെ രാത്രിയോടെ തെന്മല നിഷാന മന്‍സിലില്‍ നിയാസ്(23),റിയാസ് മന്‍സിലില്‍ റിയാസ്(26) എന്നിവരെ തമിഴ്നാട് പാവൂര്‍സത്രത്തില്‍ നിന്ന് അന്വേഷണ സംഘം പിടികൂടി.ഇനിയും ഒന്‍പത് പ്രതികള്‍ കൂടിയാണ് പിടിയിലാകാനുള്ളത്.
ഇവര്‍ തമിഴ്നാട്ടില്‍ തന്നെയുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അന്വേഷണസംഘം തമിഴ്നാട്ടില്‍ പ്രതികള്‍ക്കായി തിരച്ചില്‍ വ്യാപകമാക്കി.മൂന്നുടീമായാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇതിനിടെ പ്രതികള്‍ ഇന്ന് കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്.
ഇന്നലെ രാവിലെ എട്ടോടെയാണ് ചാലിയക്കര തോട്ടില്‍ വിജനപ്രദേശമായ പത്തുപറ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടിയുടെ സഹോദരനാണ് കേസിന്റെ സൂത്രധാരനെന്നാണ് പോലീസിന്റെ നിഗമനം. ഇയാൾ മറ്റു പ്രതികളെ കൂടെ കൂട്ടുകയായിരുന്നുവെന്നും കരുതുന്നു. പ്രതികളെല്ലാം തന്നെ പെൺകുട്ടിയുടെ സഹോദരന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ഷാനുചാക്കോയെ പിടികൂടുന്നതോടെ കൊലപാതകം സംബന്ധിച്ച് നിർണായക വിവരം ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്.