ഇരിട്ടി: കോട്ടയം നട്ടാശേരിയിലെ കെവിൻ വധിക്കപ്പെട്ട കേസിലെ മുഖ്യപ്രതികൾ കരിക്കോട്ടക്കരിയിൽ കീഴങ്ങിയത് തൊടുപുഴയിൽനിന്നുള്ള നിർദേശമനുസരിച്ച്. കെവിൻ വധിക്കപ്പെട്ട കേസിൽ ഭാര്യ നീനുവിന്റെ പിതാവ് കൊല്ലം തെന്മല ഒറ്റയ്ക്കൽ സാനു ഭവനിൽ ചാക്കോ ജോൺ, മകൻ ഷാനു ചാക്കോ എന്നിവരാണ് കണ്ണൂർ ജില്ലയിലെ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ ഇന്നലെ ഉച്ചയോടെ കീഴടങ്ങിയത്.
ഷാനുവും പിതാവ് ചാക്കോയും കോടതിയിൽ കീഴടങ്ങുന്നതിന് വേണ്ടി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനിരിക്കുകയായിരുന്നു. ഇതിനായി തൊടുപുഴയിലെ ഒരു അഭിഭാഷകനെ സമീപിച്ചതായും പറയുന്നു.
എന്നാൽ ജാമ്യാപേക്ഷ തള്ളാനുള്ള സാധ്യതയുണ്ടെന്ന നിയമോപദേശത്തെ തുടർന്നാണ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ നിർദേശം നൽകിയത്. ഇതിനായി കണ്ണൂരിലുള്ള ഒരു അഭിഭാഷകന്റെ സഹായവും തേടി. ഇയാളുടെ നിർദേശപ്രകാരം കരിക്കോട്ടക്കരി സ്റ്റേഷനിൽ പ്രതികൾ കീഴടങ്ങുകയായിരുന്നു.
പ്രതികൾ കീഴടങ്ങുന്നതിന് മുന്പ് തന്നെ കണ്ണൂരിലെ ചാനലുകളിൽ വിളിച്ച് വാർത്ത നൽകിയതും ഈ അഭിഭാഷകന്റെ നേതൃത്വത്തിൽ ആണ്. കരിക്കോട്ടക്കരിയിൽ കീഴടങ്ങിയ പ്രതികളെ ഒരു മണിക്കൂറിനുള്ളിൽ തന്നെ കോട്ടയത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.
കരിക്കോട്ടക്കരിയിൽ പ്രതികൾ കീഴടങ്ങിയതിനാൽ കോട്ടയത്തെ കോടതിയിലാണ് ഇവരെ ഹാജരാക്കേണ്ടത്. അതിനാൽ മണിക്കൂറുകൾ യാത്രവേണം കരിക്കോട്ടക്കരിയിൽനിന്ന് കോട്ടയത്തെത്താൻ. ചുരുങ്ങിയ സമയം മാത്രമേ പ്രതികളെ പോലീസ് കസ്റ്റഡിയിൽ കിട്ടുകയുള്ളു.
ഇതായിരിക്കണം കരിക്കോട്ടക്കരിയിൽ കീഴടങ്ങാൻ പ്രതികൾക്ക് നിയമോപദേശം ലഭിച്ചത്. കരിക്കോട്ടക്കരിയിൽ പ്രതികൾ എങ്ങനെ എത്തിയെന്ന് വിശദീകരിക്കാൻ പോലീസും തയാറാകുന്നില്ല. അകന്ന ബന്ധുവിന്റെ വീട്ടിൽ അഭയംതേടാൻ എത്തിയതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ഇവർ വിസമ്മതിച്ചതിനെ തുടർന്നാണ് കീഴടങ്ങിയതെന്നും പോലീസ് പറയുന്നു. എന്നാൽ ബന്ധുവാരെന്ന് പോലീസ് വെളിപ്പെടുത്തിയുമില്ല.
ബംഗളൂരുവിൽനിന്ന് ഇരിട്ടിയിൽ എത്തി കരിക്കോട്ടക്കരിയിൽ കീഴടങ്ങിയെന്നും പറയുന്പോൾ എന്തുകൊണ്ട് ഇരിട്ടിയിൽ കീഴടങ്ങിയില്ലായെന്ന ചോദ്യവും ഉയരുന്നുണ്ട്. ജില്ലാ പോലീസ് മേധാവി, ഇരിട്ടി ഡിവൈഎസ്പി എന്നിവർക്കൊന്നും കൃത്യമായ വിശദീകരണം നൽകാൻ സാധിക്കുന്നുമില്ല.
ഓട്ടോറിക്ഷയിലാണ് പ്രതികൾ പോലീസ് സ്റ്റേഷനിൽ എത്തിയത്. കരിക്കോട്ടക്കരിയിൽനിന്ന് ഇരിട്ടി വഴി സഞ്ചരിക്കാതെ ആറളം വനപാതയിലൂടെയാണ് പ്രതികളെ തലശേരിയിൽ എത്തിച്ചത്. തലശേരിയിൽ ഇതിനകം കണ്ണൂർ എആർ ക്യാന്പിൽനിന്നുള്ള സായുധ പോലീസ് സജ്ജീകരണമുള്ള ട്രാവലറും എത്തിയിരുന്നു.