കോട്ടയം: കെവിൻ വധക്കേസിൽ അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി ദളിത് സംഘടനകൾ സമരത്തിന്.
19ന് കെവിന്റെ വീട്ടിൽ നിന്ന് കോട്ടയം കളക്ടറേറ്റില്ക്കേ് കൂറ്റൻ മാർച്ചും വൈകുന്നേരം അഞ്ചു വരെ കളക്ടറേറ്റിനു മുന്നിൽ ധർണയും സംഘടിപ്പിക്കാൻ 32 സംഘടനകൾ ചേർന്ന ദളിത് സംയുക്ത സമിതി തീരുമാനിച്ചു. ഇപ്പോഴത്തെ അന്വേഷണ സംഘത്തിൽനിന്ന് കേസ് മാറ്റി സിബിഐയെ ഏൽപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കെവിന്റേത് ദുരഭിമാന കൊലയാണ്. ഇതൊരു ഗൗരവമേറിയ കേസാണ്. പ്രതികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. എന്നാൽ അന്വേഷണം അത്തരത്തിലല്ല നീങ്ങുന്നതെന്ന് ദളിത് സംയുക്ത സമിതി കണ്വീനർ അഡ്വ.പി.ഒ.ജോണ് വ്യക്തമാക്കി. കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ പ്രതികൾക്കൊപ്പം തന്നെ പോലീസ് ഓഫീസർമാരും കുറ്റാരോപിതരാണ് എന്നാണ് പുറത്തു വന്ന തെളിവുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ ജില്ലാ പോലീസ് മേധാവി, എസ്ഐ എന്നിവർക്കെതിരേ കേസില്ല. എഎസ്ഐ, പോലീസ് ഡ്രൈവർ എന്നിവർക്കെതിര നിസാര കേസാണുള്ളത്. കെവിൻ വധക്കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ തലവൻ ഐജി വിജയ് സാഖറെ സന്പത്ത് കസ്റ്റഡി മരണക്കേസിൽ സിബിഐ ആദ്യം പതിനഞ്ചാം പ്രതിയാക്കിയ ആളാണെന്ന് പി.ഒ ജോണ് പറഞ്ഞു.
പിന്നീട് പ്രതി സ്ഥാനത്തു നിന്ന് ഒഴിവാക്കിയെങ്കിലും വകുപ്പുതല അന്വേഷണത്തിന് ശിപാർശ ചെയ്തിരുന്നു. അങ്ങനെയുള്ള ആളാണ് കെവിൻ വധക്കേസ് അന്വേഷിക്കുന്നതെന്ന് ജോണ് പറഞ്ഞു. അതിനാൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണം എന്ന് ഇവർ ആവശ്യപ്പെടുന്നു.
സിഎസ്ഡിഎസ്, കെപിഎംഎസ് (വിനോദ് വിഭാഗം), എകെസിച്ച്എംഎസ്, എൻഡിഎൽഎഫ്, ഡിസിയുഎഫ്, വിപിഎംഎസ്, പിആർഡിഎസ് യൂത്ത് വിഭാഗം, കെവിഎംഎസ്, മലഅരയ മഹാസഭ തുടങ്ങി 32 ദളിത് സംഘടനകൾ ചേർന്നാണ് സംയുക്ത സമിതി രൂപീകരിച്ചിട്ടുള്ളത്.