കോട്ടയം: കെവിൻ വധക്കേസിലെ ഗൂഢാലോചന പുറത്തു വരേണ്ടതുണ്ടെന്ന ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് സന്തോഷ് ദാസിന്റെ നിരീക്ഷണം ഈ കേസിൽ നിർണായക വിഷയമായി മാറും.മറ്റൊന്ന് മാന്നാനം മുതൽ തെന്മല വരെ പ്രതികൾക്ക് ഒരു തടസവുമില്ലാതെ സുഖമായി യാത്ര ചെയ്യാൻ കഴിഞ്ഞത് ഗുരുതരമായി കാണണമെന്ന് കോടതി ആവശ്യപ്പെട്ടതാണ്. കോടതിയുടെ ഈരണ്ടു നിരീക്ഷണങ്ങളും പോലീസിന് തലവേദനയാകും.
ഗൂഢാലോചന എന്നു കോടതി ചൂണ്ടിക്കാട്ടിയത് കെവിൻ വധക്കേസിൽ ചില പ്രാദേശിക നേതാക്കളുടെ ഇടപെടൽ ആണ്. മറ്റൊന്ന് നീനുവിന്റെ അമ്മയാണ് ഇതിന് ചുക്കാൻ പിടിച്ചതെന്ന വിവരവും പുറത്തു വന്നിരുന്നു. എന്നാൽ ഇതുവരെ നീനുവിന്റെ അമ്മ രഹനയെ പിടികൂടുകയോ കേസിൽ ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ല.
കെവിനെ വക വരുത്തുന്നതിനായി മകൻ ഷാനു ചാക്കോയെ വിദേശത്തുനിന്ന് വിളിച്ചു വരുത്തിയത് രഹനയാണെന്ന വിവരമാണ് ഇതിനകം പുറത്തുവന്നത്. രഹനയെ സുരക്ഷിതമായി ഒളിപ്പിച്ചു വച്ച ശേഷമാണ് ചാക്കോയും ഷാനുവും പോലീസിന് കീഴടങ്ങിയത്.
കോടതി പറഞ്ഞ രണ്ടാമത്തെ കാര്യം മാന്നാനം മുതൽ തെന്മല വരെ പ്രതികൾക്ക് തടസമില്ലാതെ സുഖമായി യാത്ര ചെയ്യാൻ കഴിഞ്ഞത് ഗുരുതരമെന്നാണ്. ഇത് ശരിക്കും പോലീസിനെയാണ് വെട്ടിലാക്കുന്നത്. രാത്രിയിൽ ശക്തമായ പട്രോളിംഗ് ഉണ്ട് എന്ന് അവകാശപ്പെടുന്പോഴും അക്രമികൾക്ക് സുഗമമായി യാത്ര ചെയ്യാൻ കഴിഞ്ഞത് എങ്ങനെയെന്നാണ് കോടതി ചോദിക്കുന്നത്. മാന്നാനം മുതൽ തെന്മല വരെ ആരെങ്കിലും വഴിയൊരുക്കിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്.