കോട്ടയം: നേരം പുലർന്നാൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുമെന്ന തിരിച്ചറിവിൽ കെവിൻ കേസിലെ പ്രതികളുമായി തെളിവെടുപ്പ് പുലർച്ചെയാക്കി. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. പുലർച്ചെ 1.30ന് ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിച്ച മൂന്നു പ്രതികളെ മാന്നാനം പള്ളിത്താഴെയുള്ള അനീഷിന്റെ വീടു വരെയെത്തിച്ചു.
പ്രതികളായ നിയാസ്, ഫസൽ, വിഷ്ണു എന്നിവരെയാണു തെളിവെടുപ്പിനായി എത്തിച്ചത്. അനീഷിന്റെ വീടാക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്ന പ്രതികളാണിവർ. എന്നാൽ, വീടിനുള്ളിൽ പ്രവേശിച്ചില്ല. വീട്ടിലേക്കുള്ള വഴി, സംഭവസമയത്തെ വെളിച്ചം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചശേഷം പ്രതികളുമായി പോലീസ് തെന്മലയിലേക്ക് മടങ്ങി.
പ്രതികൾ കോട്ടയത്തു നിന്നു തെന്മലയിലേക്കു പോയ വഴിയിലൂടെയാണ് പ്രതികളുമായി പോലീസ് സഞ്ചരിച്ചത്. തെന്മല ചാലിയേക്കര തോടിനു സമീപമെത്തി തെളിവെടുപ്പ് പൂർത്തിയാക്കി. പ്രതികൾ ഉപയോഗിച്ചതെന്നു കരുതുന്ന വാളുകൾ പ്രതി വിഷ്ണുവിന്റെ പുനലൂരിലെ വീടിനടുത്തെ തോട്ടിൽ നിന്നും കണ്ടെടുത്തു. ഇവ കേസിൽ നിർണായകമാകും. വിഷ്ണു തന്നെയാണു വാളുകൾ കാണിച്ചുകൊടുത്തത്.
തങ്ങളുടെ പക്കൽനിന്നു കെവിൻ രക്ഷപ്പെട്ടുവെന്ന മൊഴി തെളിവെടുപ്പിനിടയിലും പ്രതികൾ ആവർത്തിച്ചു. എന്നാൽ അറസ്റ്റിലായ പ്രതികളിൽ ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു പി. ചാക്കോ, പിതാവ് ചാക്കോ എന്നിവരെ തെളിവെടുപ്പിനായി കൊണ്ടുപോയില്ല.
സംഘം ആക്രമണം നടത്തിയ അനീഷിന്റെ വീട്ടിൽ നിന്നു ഫോറൻസിക് വിദഗ്ധർ പിറ്റേന്നു തന്നെ വിശദമായി വിവരങ്ങൾ ശേഖരിച്ചിരുന്നുവെന്നും അതിനാലാണു വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്താതിരുന്നതെന്നും ജില്ലാ പോലീസ് ചീഫ് ആർ. ഹരിശങ്കർ പറഞ്ഞു.
പുറത്തുവരാത്ത രഹസ്യങ്ങൾ ഇനിയുമുണ്ടെന്ന് പോലീസ്
കോട്ടയം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇനിയും പുറത്തു വരാത്ത ദുരൂഹതകളുണ്ടെന്ന് പോലീസ് വിശ്വസിക്കുന്നു.
തട്ടിക്കൊണ്ടുപോയ കെവിൻ തെന്മലയിൽ എത്തിയപ്പോൾ ചാടിപ്പോയി എന്നാണ് പ്രതികൾ ഇപ്പോൾ നല്കിയ മൊഴി. നിയമം അറിയാവുന്ന ആരുടെയോ ഉപദേശപ്രകാരമുള്ള മൊഴിയാണിതെന്ന് പോലീസ് കരുതുന്നു. അതിനാൽ ഇനിയും പുറത്തു വരാത്ത വിവരങ്ങൾ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടെന്നു തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഇപ്പോഴത്തെ കേസുമായി കോടതിയിൽ ചെന്നാൽ രക്ഷപ്പെടില്ല എന്ന് പോലീസിനറിയാം. അതിനാൽ യഥാർഥ സംഭവം എന്താണെന്നറിയാൻ ആഴത്തിൽ പരിശോധിക്കുക യാണ് പോലീസ്. പതിനാലു പേർ ഒരാളെ മണിക്കൂറുകളോളം കൈകാര്യം ചെയ്യുന്നു. അതിനുശേഷം പെട്ടെന്ന് യുവാവ് ഓടി രക്ഷപ്പെടുന്നു. ഇത് ഒരിക്കലും വിശ്വസനീയമല്ല എന്നു തന്നെയാണ് പോലീസ് കരുതുന്നത്.
പോസ്റ്റ്മോർട്ടം പരിശോധനയിൽ മുങ്ങി മരണം എന്ന കണ്ടെത്തലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാനാണ് പോലീസിന്റെ ശ്രമം. അബോധാവസ്ഥയിലുള്ള ഒരാളെ അൽപ്പനേരം വെള്ളത്തിൽ മുക്കിപ്പിടിച്ചാലും മുങ്ങി മരണം എന്ന റിപ്പോർട്ടേ ലഭിക്കൂ. അതിനാൽ സാധ്യത കൂടുതൽ അതാവുമെന്ന നിഗമനവുമുണ്ട്.
ഇതിനിടെ പ്രതികളിൽ ആരെയെങ്കിലും മാപ്പുസാക്ഷിയാക്കി യഥാർഥ സംഭവം പുറത്തുകൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്. കൊല്ലാൻ ഉദേശമില്ലായിരുന്നു എന്ന പ്രതികളുടെ വാദം പോലീസ് മുഖവിലയ്ക്കു പോലും എടുക്കുന്നില്ല. കാരണം നീനുവിനെ കണ്ടാൽ വെട്ടിക്കൊല്ലുമെന്നാണ് പ്രതികളിൽ ഒരാൾ പറഞ്ഞതെന്ന് കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷ് മൊഴി നല്കിയിട്ടുണ്ട്.
നീനുവിനെ കൊല്ലാൻ തയാറാകുന്നവർ കെവിനെ വെറുതെ വിടുമെന്ന് പോലീസ് കരുതുന്നില്ല. അതിനാൽ കൊല്ലാൻ വേണ്ടി തന്നെയാണ് കൊണ്ടുപോയതെന്ന് വ്യക്തം. പോലീസിന് നല്കേണ്ട മൊഴി എപ്രകാരമെന്ന് നന്നായി പഠിപ്പിച്ചു എന്നു വ്യക്തമാക്കുന്നതാണ് എല്ലാ പ്രതികളുടെയും ഒരുപോലെയുള്ള മൊഴി. ഇപ്പോഴത്തെ സ്ഥിതിയിൽ ,അതായത് പ്രതികൾ എല്ലാവരും അവരുടെ നിലപാടിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ കേസ് തെളിയിക്കാൻ പോലീസ് നന്നായി വിയർക്കേണ്ടി വരുമെന്നാണ് കരുതുന്നത്.