കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെ കെവിനെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികള്‍ക്ക് ചെറിയൊരാശ്വാസത്തിന് സാധ്യത തെളിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇനി ജീവിതകാലത്ത് ആശ്വസിക്കാന്‍ വകയില്ലാത്ത ഒരു ജീവിതമുണ്ട്, കോട്ടയം ചവിട്ടുവരിയില്‍. ചവിട്ടുവരി ജംഗ്ക്ഷനിലെ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ പിലാത്തറ വീട്ടില്‍ ജോസഫ്.
പ്രണയത്തിന്റെ പേരില്‍, ദുരഭിമാനത്തിന്റെ പേരില്‍ ജീവന് ഹോമിക്കേണ്ടി വന്ന കെവിന് എന്ന യുവാവിന്റെ പിതാവ്. എന്നാല്‍, ഇരയുടെ പിതാവ് എന്നതിലുപരി, ഒരുദിവസംപോലും തന്റെ മകനൊപ്പം താമസിക്കാന്‍ ഭാഗ്യമില്ലാതെപോയ യുവതിയെ മരുമകളായി സ്വീകരിച്ച ജോസഫ് ഇന്ന് പലര്‍ക്കും ഒരു മാതൃകാപുരുഷനാണ്. മകന്റെ വിയോഗം വരുത്തിയ ദുഃഖത്തിനിടയിലും നീനു ചാക്കോയെന്ന അവന്റെ വധുവിനെ, ജോസഫ് ചേര്‍ത്തണയ്ക്കുന്നതു കണ്ട് പലര്‍ക്കും അത്ഭുതം പോലും തോന്നുകയുണ്ടായി. സാധാരണക്കാരായവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന പ്രവര്‍ത്തിയല്ലല്ലോ അത്.
രാഷ്ട്രീയക്കാരും സാമൂഹ്യപ്രവര്‍ത്തകരും നാട്ടുകാരും ബന്ധുക്കള്‍പ്പോലും ഇന്ന് ജോസഫിന്റെ അടുത്തില്ല. ഉള്ളത് മകന്റെ ഓര്‍മ്മകളും ആ ഓര്‍മ്മകളുമായി ജീവിക്കുന്ന നീനുവും കെവിന്റെ അമ്മയും സഹോദരിയുമാണ്. അതുകൊണ്ടുതന്നെ കെവിന് സംഭവിച്ചതോര്‍ത്ത് വിറങ്ങലിച്ചിരുന്നാല് ജീവിതം മുന്നോട്ടു പോവില്ല. കെവിന് എല്ലാമെല്ലാമായിരുന്നവരെ നോക്കേണ്ടത് താനാണ്.
കണ്ടുമുട്ടുന്നവര്‍ക്കെല്ലാം അറിയേണ്ടത് ഒന്നുമാത്രം, മകനൊപ്പം ഇറങ്ങിവന്ന നീനുവിന്റെ ഭാവി. അതിനു ജോസഫിന് ഉറച്ച മറുപടിയുമുണ്ട്. ‘അവള്‍ക്കു കെവിന്റെ വീട്ടില്‍ ജീവിച്ചാല്‍ മതി. അവളുടെ ആഗ്രഹം അതാണെങ്കില്‍, അതിനു മാറ്റമില്ല’. നീനുവിന്റെ തീരുമാനവും അതുതന്നെ. ‘കെവിന്റെ വീട്ടില്‍ ജീവിച്ച്, അച്ചാച്ചനെയും അമ്മയേയും കെവിന്റെ പെങ്ങളെയും പൊന്നുപോലെ നോക്കും’.
ആരോഗ്യമുള്ളിടത്തോളം പഠിച്ച പണി ചെയ്ത് കുടുംബം പുലര്‍ത്തുമെന്നു ജോസഫും പറയുന്നു. ഭാര്യയേയും മകളെയും കെവിനെ വിശ്വസിച്ച് ഒപ്പം പോന്ന നീനുവിനെയും പോറ്റണം. വാടകവീട്ടില്‍നിന്നു സ്വന്തമായി ഒരു വീട്ടിലേക്കു മാറണം. വര്ക്കഷോപ്പിലിരുന്ന് ജോസഫ് പറയുന്നു.