കോട്ടയം: സ്വപ്നങ്ങൾ സ്വരൂക്കൂട്ടുന്നതിനിടെ ജീവൻ പൊലിഞ്ഞ കെവിന്റെ കുടുംബത്തിനു വീടൊരുക്കാൻ ഭൂമി അനുവദിക്കാൻ വേണ്ട സഹായം ചെയ്തുനൽകണമെന്നാവശ്യപ്പെട്ട് കെവിന്റെ പിതാവ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നിവേദനം നൽകി. ഇന്നലെ കുടുംബത്തെ കാണാൻ അദ്ദേഹം കെവിന്റെ വീട്ടിലെത്തിയപ്പോഴാണ് നിവേദനം കൈമാറിയത്.
കെവിന്റെ മരണത്തെ തുടർന്ന് കുടുംബത്തിന്റെ ഭാരം പൂർണമായും തന്റെ ചുമലിലായി. ഈ സാഹചര്യത്തിൽ ഭൂമി വാങ്ങാനോ, വീട് വയ്ക്കാനോ തനിക്ക് കഴിയില്ല. അതിനാൽ ഭൂമി അനുവദിക്കാൻ സഹായം ചെയ്തുകൊടുക്കണമെന്ന് നിവേദനത്തിൽ പറയുന്നു.
വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് കാനം രാജേന്ദ്രൻ കുടുംബത്തെ അറിയിച്ചു. പഠനം മുടക്കരുതെന്നും ജീവിത പ്രതിസന്ധികളിൽ തളർന്നുപോകരുതെന്നും കെവിന്റെ ഭാര്യ നീനുവിനെ അദ്ദേഹം ധൈര്യപ്പെടുത്തി.
ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, സംസ്ഥാന കൗണ്‍സിൽ അംഗങ്ങളായ വി.ബി. ബിനു, ലീനമ്മ ഉദയകുമാർ, ജില്ലാ അസി. സെക്രട്ടറി ആർ. സുശീലൻ, മണ്ഡലം സെക്രട്ടറി ടി.സി. ബിനോയ് എന്നിവർ ഒപ്പമുണ്ടായിരുന്നു.