പ്രണയം വിവാഹം! പുലര്‍ച്ചെ വീടുതല്ലിത്തകര്‍ത്ത് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയ നവവരനെ മരിച്ച നിലയില്‍ കണ്ടെത്തി! കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്

അര്‍ധരാത്രി വീടാക്രമിച്ച്, പത്തംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ നവവരന്‍, നട്ടാശേരി എസ്എച്ച് മൗണ്ട് കെവിന്‍ പി. ജോസഫിനെ (23) മരിച്ച നിലയില്‍ കണ്ടെത്തി. ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ (30) മര്‍ദിച്ചവശനാക്കിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചുവെങ്കിലും കെവിനെക്കുറിച്ചു ഇതുവരെ വിവരമൊന്നുമുണ്ടായിരുന്നില്ല.

വധു കൊല്ലം തെന്മല ഒറ്റക്കല്‍ സാനു ഭവനില്‍ നീനു ചാക്കോയുടെ (20) സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറുകളിലൊന്ന് തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നീനുവും (20) കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ഇവരുമായി സംസാരിച്ചിരുന്നു. കെവിനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് നീനു അറിയിച്ചു. പ്രകോപിതരായ ബന്ധുക്കള്‍ പെണ്‍കുട്ടിയെ പോലീസിന്റെ മുന്നില്‍വച്ച് മര്‍ദിച്ചു വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ചതോടെ പിന്‍വാങ്ങി.

ശനിയാഴ്ച രാവിലെയും ഇവരെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി. ഇതിനിടെ, നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു കെവിന്‍ രഹസ്യമായി മാറ്റി. അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലാണു കെവിന്‍ കഴിഞ്ഞിരുന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ മൂന്നു കാറുകളിലായി 10 പേര്‍ ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറയുന്നു.

വീട്ടിലെ സാധന ങ്ങളെല്ലാം അടിച്ചു തകര്‍ത്ത ശേഷം കാറില്‍ കയറ്റി കൊണ്ടുപോയി. കാറിലും മര്‍ദനം തുടര്‍ന്നു. അനീഷും കെവിനും വെവ്വേറെ കാറുകളിലായിരുന്നു. പോലീസ് ഫോണില്‍ ബന്ധപ്പെട്ടതോടെ അനീഷിനെ പത്തനാപുരത്തുനിന്നു തിരികെ സംക്രാന്തിയിലെത്തി റോഡില്‍ ഇറക്കിവിട്ടു. സാരമായി പരുക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഴ്ച വൈകല്യമുമുള്ള അനീഷിന്റെ കണ്ണിനു ഗുണ്ടാ സംഘത്തിന്റെ മര്‍ദനത്തില്‍ വീണ്ടും പരുക്കേറ്റിട്ടുണ്ട്.

മകളെ കാണാനില്ലെന്നു പിതാവ് ചാക്കോ ഇന്നലെ വൈകിട്ടു പരാതി നല്‍കിയതോടെ നീനുവിനെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി. കെവിനൊപ്പം പോകണമെന്നു നീനു ബോധിപ്പിച്ചതിനാല്‍ കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

അതേസമയം, ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായെത്തിയ ഭാര്യയോടു പോലീസ് പറഞ്ഞത് ഇങ്ങനെ: ‘ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കിലാണ്. അതുകഴിഞ്ഞു നോക്കാം.’ രാവിലെ ആറുമണിക്ക് കെവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബ് ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിച്ചില്ല. തട്ടിക്കൊണ്ടുപോയവരോടു എസ്‌ഐ ഫോണില്‍ സംസാരിക്കുകയായിരുന്നെന്നും അവരെത്തിയ ശേഷം ആലോചിക്കാമെന്നും പോലീസ് പറഞ്ഞതായി ജോസഫ് ആരോപിച്ചു. 11 മണിയോടെയാണു നീനു സ്റ്റേഷനിലെത്തിയത്. എന്നാല്‍, പോലീസ് പരാതി വാങ്ങിയില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ വൈകിട്ട് കേസെടുത്തു.

Related posts