കെവിന് വധക്കേസില്‍ നിര്‍ണ്ണായകമാവുന്ന കൂടുതല്‍ മൊഴികള്‍ പുറത്ത്. പീരുമേട് കോടതിയില്‍ കീഴടങ്ങാനെത്തിയ ടിറ്റു ജെറോമിന്റെ മൊഴിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഉടമയാണ് ടിറ്റു ജെറോം. കോട്ടയത്തുനിന്നു നിയാസിന്റെ സഹോദരിയെ കൂട്ടിക്കൊണ്ടുവരുവാനെന്നു പറഞ്ഞ് മനുവാണ് ഓട്ടം വിളിച്ചതെന്നും തുടര്‍ന്നു നീനുവിന്റെ വീട്ടില്‍ എത്തി മറ്റു രണ്ട് വാഹനങ്ങള്‍ക്കൊപ്പം മാന്നാനത്തേക്കു പുറപ്പെടുകയായിരുന്നെന്നും ടിറ്റു വെളിപ്പെടുത്തി.
കെവിനെ പിടിച്ചുകൊണ്ടുവന്നു തന്റെ കാറിലാണു കയറ്റിയത്. കാറില്‍വച്ചു കെവിനെ പൊതിരെ തല്ലി. ഇതെല്ലാം കണ്ടു ഭയന്ന തനിക്കു കുറെ ദൂരം പോയപ്പോള്‍ വാഹനം ഓടിക്കുവാന്‍ കഴിയാതായി. നിയാസാണു പിന്നീടു കാര്‍ ഓടിച്ചത്. മറ്റൊരു കാറിലാണു താന്‍ തുടര്‍ന്നു യാത്ര ചെയ്തത്. ഈ വാഹനത്തിലായിരുന്നു മാരാകായുധങ്ങള്‍ സൂക്ഷിച്ചിരുന്നത്. തെന്മലയ്ക്കു സമീപം എത്തിയപ്പോള്‍ മുന്നില്‍ പോയ മറ്റു രണ്ട് വാഹനങ്ങളും നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ടു.
തങ്ങള്‍ ഇറങ്ങിയപ്പോള്‍ കെവിന് വാഹനത്തില്‍നിന്നു ചാടിപ്പോയതായി മറ്റുള്ളവര്‍ പറഞ്ഞു. പിന്നിടു സമീപത്തെ തോടിനടുത്തു കുറച്ചു നേരം തിരച്ചില്‍ നടത്തിയ ശേഷം മടങ്ങിയെന്നും ടിറ്റു പറഞ്ഞു. കെവിന് മരിച്ച വിവരം അറിഞ്ഞതോടെ വാഹനം ഒളിപ്പിച്ച ശേഷം ഒളിവില്‍ പോയെങ്കിലും പിന്നീട് നില്‍ക്കകള്ളിയില്ലാതെ വന്നപ്പോള്‍ കീഴടങ്ങുകയായിരുന്നെന്നും ടിറ്റു പറഞ്ഞു.