കോട്ടയം: കെവിൻ കൊലക്കേസ് വിചാരണ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് ആരംഭിക്കും. ജൂണ് ആറിന് പൂർത്തിയാക്കാനാണ് തീരുമാനം.ജഡ്ജി സി. ജയചന്ദ്രനാണ് വിചാരണ കേൾക്കുന്നത്. വേനൽ അവധി പരിഗണിക്കാതെ തുടർച്ചയായി ഒന്നര മാസംകൊണ്ട് വിചാരണ പൂർത്തിയാക്കാനാണു തീരുമാനം. കേസിലെ 187 സാക്ഷികൾക്ക് നേരത്തേ സമൻസ് അയച്ചു.
ദുരഭിമാനക്കൊലയായി പരിഗണിച്ചു വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. 12 മുതൽ മേയ് 25 വരെ മറ്റുകോടതികൾക്കു വേനൽ അവധിയാണെങ്കിലും പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അവധിയില്ല. ദളിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ നീനുവിനെ വിവാഹം ചെയ്തതിലുള്ള ദുരഭിമാനമാണു കൊലപാതകത്തിനു കാരണമെന്നാണ് കുറ്റപത്രം. കേസിൽ 14 പ്രതികളുണ്ട്.
നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകൻ കെവിനെ (24) ഭാര്യ നീനുവിന്റെ ബന്ധുക്കളും സഹായികളും ചേർന്നു കൊലപ്പെടുത്തിയെന്നാണു കേസ്. 2018 മേയ് 27നാണു കേസിനാസ്പദമായ സംഭവം. കെവിൻ വധക്കേസ് ദുരഭിമാനക്കൊലയാണെന്നു കണ്ടെത്തി കൊലക്കുറ്റം ഉൾപ്പെടെ പ്രതികൾക്കെതിരെ 10 വകുപ്പുകൾ ചുമത്തിയാണു കോടതി കുറ്റപത്രം നല്കിയിരിക്കുന്നത്.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, ഭവനഭേദനം, കുറ്റകരമായ തടഞ്ഞുവയ്ക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, പൊതുഉദ്ദേശ്യം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണു ചുമത്തിയത്. ഷാനു ചാക്കോ, സുഹൃത്തുക്കളായ നിയാസ് മോൻ, നിയാസ് ഇസ്മായിൽ, റിയാസ്, നീനുവിന്റെ പിതാവ് ചാക്കോ, മനു മുരളീധരൻ, ഷിഫിൻ സജാത്, എൻ. നിഷാദ്, ടിറ്റു ജെറോം, വിഷ്ണു, ഫസിൽ ഷെറീഫ്, ഷാനു, ഷിനു, റെനീഷ് എന്നിവരെ പ്രതി ചേർത്താണു കുറ്റപത്രം സമർപ്പിച്ചത്.
ഗൂഢാലോചന (120 ബി), രാത്രിയിൽ വീടു തകർത്ത് അതിക്രമിച്ച് കടക്കൽ (449), നാശനഷ്്ടം വരുത്തൽ (427), അനീഷിന്റെ കഴുത്തിൽ കത്തി വയ്ക്കൽ (506 (2)), മർദ്ദനം (323), വണ്ടിയേൽ തടഞ്ഞുവയ്ക്കൽ (342), തെളിവ് നശിപ്പിൽ (201), തണ്ടിക്കൊണ്ടുപോകൽ (364), തടങ്കലിൽവച്ചു വിലപേശൽ (364 (എ)), കൊലപാതകം (302) എന്നി വകുപ്പുകൾ ചുമത്തിയാണു കുറ്റപത്രം സമർപ്പിച്ചത്.
അന്വേഷണസംഘത്തെ സഹായിക്കാൻ ഗവണ്മെന്റ് നിയോഗിച്ച മെഡിക്കൽ കോളജിലെ ഡോക്ടർമാർ, പോസ്റ്റ്മോർട്ടം സർജർ എന്നിവർ നൽകിയ റിപ്പോർട്ടിൽ മനഃപൂർവം വെള്ളത്തിൽ ചാടിച്ചു കൊലപ്പെടുത്തിയെന്ന റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു.186 സാക്ഷികൾ, സയിന്റിഫിക് എക്സ്പേർട്ട്, റിക്കാർഡുകൾ, മഹസർ ഉൾപ്പെടെ 180 പ്രമാണങ്ങൾ, 20 രേഖകൾ എന്നിവയും കോടതിയിൽ സമർപ്പിച്ചു.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. മധ്യമേഖല ഐജി വിജയ് സാഖറേ, കോട്ടയം ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ എന്നിവർ മേൽനോട്ടം വഹിച്ചു. പാലാ ഡിവൈഎസ്പി വിനോദ് കുമാർ, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അശോക് കുമാർ എന്നവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി.എസ്. അജയൻ പ്രോസിക്യൂഷനുവേണ്ടി ഹാജരാകും.