കോട്ടയം: ക്വട്ടേഷൻ സംഘം നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ഗാന്ധിനഗർ പോലീസിനെതിരേ ഗുരുതര ആരോപണം. തട്ടിക്കൊണ്ടുപോകലിന് പോലീസ് എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്തു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
പ്രതികളിൽ നിന്ന് പണം കൈപ്പറ്റിയെന്നു വരെയള്ള ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ നട്ടാശേരി എസ്എച്ച് മൗണ്ട് സ്വദേശി കെവിൻ ജോസഫിനെ (23) പുനലൂർ ചാലിയം ഭാഗത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവത്തിൽ പോലീസിന്റെ വീഴ്ച പുറത്തു വന്നത്.
ഗാന്ധിനഗർ എസ്ഐക്കെതിരേ ഡിവൈഎസ്പി ഷാജിമോൻ ജോസഫ് മേലധികാരിക്ക് റിപ്പോർട്ട് നല്കി. കുറ്റക്കാരായ പോലീസുകാർക്കെതിരേ സസ്പെൻഷൻ അടക്കമുള്ള നടപടികൾ ഉടനുണ്ടാകും.
ഇന്നലെ പുലർച്ചെയാണ് കെവിനെയും സുഹൃത്ത് അനീഷിനെയും മാന്നാത്തെ വീട്ടിൽ നിന്ന് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. അപ്പോൾ തന്നെ വിവരം ഗാന്ധിനഗർ പോലീസിൽ അറിയിച്ചെങ്കിലും ആരും എത്തിയില്ല. രാവിലെ ആറു മണിക്ക് കെവിന്റെ ഭാര്യ നീന ഗാന്ധിനഗർ സ്റ്റേഷനിൽ എത്തി പരാതി നല്കി. പക്ഷേ പോലീസ് അനങ്ങിയില്ല.
ഇതിനിടെ ഗാന്ധിനഗർ എസ്ഐ തട്ടിക്കൊണ്ടു പോയവരുമായി ഫോണിൽ സംസാരിച്ചുവെന്നും അവർ എത്തിയ ശേഷം ആലോചിക്കാമെന്നാണ് നീനയോടെ ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസുകാർ പറഞ്ഞത്. തട്ടിക്കൊണ്ടുപോയവരുമായി എസ്ഐ സംസാരിച്ചെന്ന വിവരവും പുറത്തായതോടെയാണ് പോലീസ് ഒത്താശ ചെയ്തെന്ന സ്ഥിരികരണമുണ്ടായത്.
ഇന്നലെ പുലർച്ചെ രണ്ടു മണിക്കാണ് കെവിനെ തട്ടിക്കൊണ്ടുപോയത്. അപ്പോൾ തന്നെ പോലീസ് ഉണർന്നു പ്രവർത്തിച്ചിരുന്നുവെങ്കിൽ കെവിന്റെ ജീവൻ രക്ഷിക്കാമായിരുന്നു. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് വാഹനം കണ്ടെത്താൻ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. കോട്ടയത്തു നിന്ന് കൊല്ലം വരെ വാഹനം ഓടിയിട്ടും ഒരു പോലീസ് സ്്റ്റേഷനിൽ പോലും വിവരം അറിയിച്ചില്ല.
വൈകുന്നേരത്തോടെ മാത്രമാണ് പോലീസ് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചത്. അതായത് കെവിനെ തട്ടിക്കൊണ്ടുപോയവർ ഉദേശിച്ച കാര്യം നടന്നു കഴിഞ്ഞാണ് പോലീസ് ഗാന്ധിനഗർ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയത്.
ശനിയാഴ്ച തന്നെ ക്വട്ടേഷൻ സംഘം മാന്നാനത്തും പരിസരങ്ങളിലും എത്തിയിരുന്നു എന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പോലീസിനെ അറിയിച്ചിരുന്നുവെങ്കിലും പോലീസ് ഒരു നടപടിയും എടുക്കാതെ പ്രതികൾക്ക് അനുകൂലമായ നടപടി സ്വീകരിച്ചു.