കോട്ടയം: കെവിന് മദ്യം കൊടുത്തു മയക്കിയ ശേഷം വെള്ളത്തിൽ എറിഞ്ഞതോ അബോധാവസ്ഥയിൽ മുക്കി കൊന്നതോ ആകാമെന്ന സംശയം ബലപ്പെട്ടു. കെവിന്റെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്തു വന്നതോടെയാണ് മദ്യം കൊടുത്തു മയക്കിയെന്ന സംശയത്തിന് ബലമേകിയത്.
തിരുവനന്തപുരം ഫോറൻസിക് ലാബിൽ നിന്നുള്ള രാസപരിശോധനാ ഫലത്തിലാണ് മുങ്ങി മരണമാണെന്നും മദ്യം ഉള്ളിൽ ചെന്നിട്ടുണ്ടെന്നുമുള്ള റിപ്പോർട്ട് പുറത്തു വന്നത്.
മർദനമേറ്റ് അവശനായ കെവിൻ വെള്ളം ചോദിച്ചപ്പോൾ മദ്യം നല്കിയെന്ന് പ്രതികളിൽ നിന്നുള്ള മൊഴികൾ ഇതിനകം പുറത്തു വന്നതാണ്. ഇക്കാര്യം സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് രാസപരിശോധനാ ഫലത്തിലൂടെ വ്യക്തമാവുന്നത്. ഫോറൻസിക് വിദഗ്ധരുടെ സംഘം കെവിൻ മരിച്ചു കിടന്ന പുഴയിൽ നേരിട്ടെത്തി നടത്തുന്ന പരിശോധനയിലൂടെ ഇക്കാര്യം കൂടുതൽ വ്യക്തമാവുമെന്നാണ് കരുതുന്നത്.
കെവിനോടൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിന്റെ മൊഴിയിൽ തെന്മലയിൽ എത്തിയപ്പോൾ കെവിനെ റോഡിൽ വലിച്ചിറക്കുന്നതു കണ്ടുവെന്നാണ് പറയുന്നത്. അത്ര അവശനായിരുന്നതിനാലാണ് റോഡിൽ ഇറക്കി വച്ചുവെന്ന മൊഴി. സ്വയം ഓടിപ്പോകാനുള്ള ശക്തിയില്ലാത്ത അവസ്ഥയിലായിരുന്നു അപ്പോൾ കെവിൻ എന്നു അനീഷിന്റെ മൊഴിയിൽ നിന്ന് വ്യക്തമാണ്.
അബോധാവസ്ഥയിലുള്ള കെവിനെ സാവധാനം പുഴയിലേക്ക് തള്ളിയിട്ടാലും വലിച്ചെറിഞ്ഞാലും വെള്ളം കുടിച്ചു തന്നെയാവും മരിക്കുക. അപ്പോഴും ലഭിക്കുക മുങ്ങി മരണമെന്ന റിപ്പോർട്ടാവും. ഇതിലേതാണ് നടന്നിട്ടുള്ളതെന്നുമാത്രം ഇനി വ്യക്തമായാൽ മതി.
മൃതദേഹം കണ്ടെത്തിയ ചാലിയേക്കര തോട്ടിലെ വെള്ളവും കെവിന്റെ മജ്ജയിലെ വെള്ളത്തിലും ഒരേ തരത്തിലുള്ള സൂക്ഷ്മാണുക്കളുടെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്തി. ഇതുകൂടി കൂട്ടിവായിക്കുന്പോൾ മുക്കി കൊന്നു എന്നതിനു തന്നെയാണ് മുൻതൂക്കമെന്നാണ് കരുതുന്നത്. ഇത് സ്ഥിരീകരിക്കുന്നതിനാണ് ഇന്ന് ഫോറൻസിക് വിദഗ്ധർ ചാലിയേക്കര തോട്ടിൽ എത്തുന്നത്.
കഴിഞ്ഞ മേയ് 27നു പുലർച്ചെയാണു കോട്ടയം നട്ടാശേരി പ്ലാത്തറയിൽ കെവിൻ പി ജോസഫിനെയും ബന്ധു അനീഷിനെയും മാന്നാനത്തുള്ള അനീഷിന്റെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത്. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ തെ·ല ഒറ്റക്കൽ ഷാനു ഭവനിൽ ഷാനു ചാക്കോ (26)യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ തട്ടിക്കൊണ്ടു പോയത്.
പിറ്റേന്ന് തെൻമല ചാലിയേക്കര പുഴയിൽ കെവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കെവിനെ ഓടിച്ച് വെള്ളത്തിൽ വീഴ്ത്തി കൊന്നുവെന്നാണ് കേസ്. ഷാനു ചാക്കോയും ബന്ധുക്കളും അടക്കം 14 പ്രതികളാണ് കേസിലുള്ളത്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് കെവിനെ വിവാഹം കഴിച്ചതാണ് കൊലയ്ക്ക ്പ്രകോപനം.