പുനലൂര്‍: കെവിന്‍ വധക്കേസിലെ മുഖ്യപ്രതി ചാക്കോയുടെ ഭാര്യ രഹ്നയ്ക്ക് ബന്ധുക്കളുടെ വക ക്രൂരമര്‍ദ്ദനം. മര്‍ദ്ദനമേറ്റ രഹ്ന പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.തെന്മല പോലീസ് സംഭവം രഹസ്യമാക്കി വക്കുവാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. സ്റ്റേഷന്‍ ജി.ഡി.ചാര്‍ജിനോട് സംഭവം നടന്ന കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും അത്തരം സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. സ്വന്തം വീട്ടില്‍ വച്ചാണ് താന്‍ ആക്രമണത്തിനിരയായതെന്ന് രഹ്ന പറയുന്നു. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം.
വീട്ടില്‍ ബന്ധുക്കളോടൊപ്പം ടി.വികാണുകയായിരുന്നു രഹ്നെയെ അജിയും ഭാര്യയും കതകു ചവിട്ടി തുറന്നു അകത്തു കടന്നു പുറത്തെത്തിച്ചു മര്‍ദിക്കുകയായിരുന്നു. അജിയുടെ കൈയില്‍ ഇരുമ്പു വടി ഉണ്ടായിരുന്നു എന്നും അതുപയോഗിച്ചു തലക്കടിക്കാന്‍ ശ്രമിക്കവേ താന്‍ കയറി പിടിച്ചു എന്നും ശേഷം തറയില്‍ ഇട്ട് മര്‍ദ്ദിക്കുകയായിരുന്നു എന്ന് രഹ്നയുടെ ഒപ്പം വീട്ടില്‍ ഉണ്ടായിരുന്ന ബന്ധു ചിന്നമ്മ പറയുന്നു. തന്നെ മര്‍ദിച്ചപ്പോള്‍ തന്റെ ബോധം പോയി എന്നും കുറച്ചു നേരത്തേക്ക് ഒന്നും ഓര്‍മയുണ്ടായില്ല എന്ന് രഹ്ന പറഞ്ഞു. സംഭവം തെന്മല സ്റ്റേഷനില്‍ അറിയിച്ചെങ്കിലും പോലീസ് വൈകിയാണെത്തിയതെന്നും ആക്ഷേപമുണ്ട്.
സംഭവസ്ഥലത്തെത്തിയ പോലീസ് രഹ്നയെ മര്‍ദ്ദിക്കുവാനുപയോഗിച്ച ഇരുമ്പു വടി കണ്ടെടുക്കുകയും ചെയ്തു.രഹ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കുമെന്ന് തെന്മല പോലീസ് സബ് ഇന്‍സ്പെക്ടര്‍ എസ് പ്രവീണ്‍ അറിയിച്ചു.സംഭവം അറിഞ്ഞു നാട്ടുകാരും ചാക്കോയുടെ വീടിനു മുന്നില്‍ തടിച്ചു കൂടി. അതേസമയം വെള്ളിയാഴ്ച രാവിലെ രഹ്ന അജിയുടെ മാതാവിനെ അസഭ്യം പറഞ്ഞു എന്നും ജോലിക്കു പോയിരുന്ന അജി വൈകിട്ട് വീട്ടില്‍ എത്തി വിവരം അറിഞ്ഞു രഹ്നയുടെ വീട്ടില്‍ എത്തിയതാണ് എന്നും സൂചന ഉണ്ട്.