കോട്ടയം: കെവിന്റെ മരണത്തില്‍ കലാശിച്ച സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത് പൊറുക്കാനാകാത്ത കൃത്യവിലോപം. വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയെന്ന് അറിഞ്ഞിട്ടും 29 മണിക്കൂറിനു ശേഷം തെന്മലയിലെ തോട്ടില്‍ മൃതദേഹം കണ്ടെത്തുന്നതുവരെയും പോലീസ് സ്വീകരിച്ചത് അനങ്ങാപ്പാറ നയമായിരുന്നു.
മുഖ്യമന്ത്രി പിണറായിയുടെ സംരക്ഷണത്തിനും മാത്രമായിരുന്നു പോലീസ് പ്രാധാന്യം കൊടുത്തത്.തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ഞായറാഴ്ച രാവിലെ ആറിനു സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും മുഖ്യമന്ത്രിയുടെ പരിപാടി കഴിയട്ടെ എന്നായിരുന്നു പോലീസിന്റെ നിലപാട്.
ഉച്ചകഴിഞ്ഞ് 3.10നാണു മുഖ്യമന്ത്രി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിശ്ചയിച്ചിരുന്ന പരിപാടിക്കെത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്തത് അതിനു ശേഷമായിരുന്നു.
അതിനു തലേന്ന് നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘത്തെ സംശയാസ്പദമായ സാഹചര്യത്തില്‍ കുട്ടോമ്പുറത്തുനിന്നു ഗാന്ധിനഗര്‍ പോലീസ് പിടികൂടുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഒരു വിവാഹവീട്ടിലേക്കുള്ള യാത്രയില്‍ വഴിതെറ്റിയെന്നായിരുന്നു മറുപടി. വൈകാതെ വിട്ടയച്ചു. അതിനുള്ള വിശദീകരണം ഇപ്പോഴും അവ്യക്തം.
കെവിനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയെന്ന വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചയുടന്‍ അന്വേഷണം ആരംഭിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ, ആ ജീവന് പൊലിയുമായിരുന്നില്ല. ഗാന്ധിനഗറില്‍നിന്നു പത്തിലേറെ പോലീസ് സ്റ്റേഷന് പരിധികളിലൂടെയാണു മൂന്നു വാഹനങ്ങളിലായി അക്രമിസംഘം പാഞ്ഞത്. വാഹനത്തിന്റെ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ കിട്ടിയിട്ടും പോലീസ് ഗൗരവം കാട്ടിയില്ല. മറ്റു സ്റ്റേഷനുകളില്‍ വിവരമറിയിക്കാന്‍ പോലും തയാറായില്ല.
തട്ടിക്കൊണ്ടുപോയതിനു ശേഷം വഴിയില്‍ ഇറക്കിവിട്ട അനീഷ് നേരിട്ടെത്തി സംഘാംഗങ്ങളെക്കുറിച്ചു കൃത്യമായ വിവരം നല്‍കിയെങ്കിലും മുഖ്യമന്ത്രിയുടെ പരിപാടിയുടെ പേരില്‍ പോലീസ് അവഗണിച്ചു.
രാവിലെ ആറു മുതല്‍ മണിക്കൂറുകളോളം കെവിന്റെ പിതാവ് രാജന് പരാതിയുമായി സ്റ്റേഷനു മുന്നില്‍ കാത്തുനിന്നു. പതിനൊന്നിനു നീനു പരാതി പറഞ്ഞപ്പോള്‍ അക്രമിസംഘത്തിലെ ചിലരുമായി ഫോണില്‍ സംസാരിച്ച പോലീസ് പക്ഷേ, തുടര്‍നടപടി സ്വീകരിച്ചില്ല. മുഖ്യമന്ത്രിയുടെ പരിപാടിയുള്ളതിനാല്‍ തിരക്കാണെന്നായിരുന്നു വിശദീകരണം.
വൈകുന്നേരത്തോടെ പിതാവ് പരാതിയുമായി വന്നപ്പോള്‍ നീനുവിനെ പോലീസ് ഏറ്റുമാനൂര്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കി. തന്റെ ഭര്‍ത്താവാണു കെവിനെന്നും ഒപ്പം പോകണമെന്നും ഉറപ്പിച്ചുപറഞ്ഞതോടെ നീനുവിനെ കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചു. അപ്പോഴും അക്രമികളുടെ പിടിയിലായിരുന്ന കെവിനെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല.