കോട്ടയം: കെവിന്റേതു മുങ്ങിമരണമാണെന്നു തിരുവനന്തപുരം ഫോറൻസിക് ലാബിൽനിന്നുള്ള രാസപരിശോധനാ ഫലം പോലീസിനു ലഭിച്ചു. കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയേക്കര തോട്ടിലെ വെള്ളത്തിലും കെവിന്റെ മജ്ജയിലെ വെള്ളത്തിലും ഒരേ തരത്തിലുള്ള സൂക്ഷ്മാണുക്കളുടെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്തി.
കഴിഞ്ഞ മേയ് 27നു പുലർച്ചെയാണു കെവിനെ മാന്നാനത്തുനിന്നു തട്ടിക്കൊണ്ടുപോകുന്നത്. പിറ്റേന്നു പുനലൂർ ചാലിയേക്കര പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കെവിന്റെ ശരീരത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേസമയം, തുടർ പരിശോധനകളുടെ ഭാഗമായി വിദഗ്ധ ഡോക്ടർമാരുടെ സംഘം നാളെ ചാലിയേക്കര തോട് സന്ദർശിക്കും. കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലെ ഫോറൻസിക് ഡോക്ടർമാരുടെ സംഘമാണു സ്ഥലം സന്ദർശിക്കുന്നതും തുടർന്നു വിശദമായ റിപ്പോർട്ട് തയാറാക്കുന്നതും.