തിരുവനന്തപുരം: നിയമസഭാ സമ്മേളനം ആരംഭിച്ച ആദ്യ ദിനം തന്നെ ആഭ്യന്തര വകുപ്പിന്റെ പരാജയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്ത്. കെവിന് കൊലക്കേസിൽ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകി.
മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പ്രതിപക്ഷത്തുനിന്ന് നോട്ടീസ് നൽകിയത്. കെവിൻ കേസിൽ പോലീസിന്റേത് ഗുരുതര വീഴ്ചയെന്നും അദ്ദേഹം പറഞ്ഞു. പോലീസ് നോക്കിനിൽക്കെ പെണ്‍കുട്ടിയെ മർദ്ദിച്ചിട്ടും നടപടി സ്വീകരിച്ചില്ല. കൊലയാളി സംഘത്തിൽ രണ്ട് ഡിവൈഎഫ്ഐക്കാരുണ്ടെന്നും കെവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും നോട്ടീസ് നൽകിക്കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
പോലീസ് പിന്തുണയോടു കൂടിയുള്ള കൊലപാതകമാണ് കെവിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചു. ആഭ്യന്തര വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി നോട്ടീസിന് മറുപടി നൽകി. കെവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.