മിസോറി: കൻസാസ് സിറ്റിയിൽ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിൽ 42 വർഷം ജയിലിൽ കഴിയേണ്ടിവന്നയാളെ നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയ്ക്കുവാൻ നടപടികൾ ആരംഭിച്ചു.
കെവിൻ സ്ട്രിക്റ്റ്ലാന്റ് എന്ന 61 വയസുകാരനാണ് ഈ ഹതഭാഗ്യൻ. കെവിന്റെ പേരിലുള്ള കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ല, സംഭവിച്ചത് വലിയൊരു തെറ്റാണ്.
ഇയാളെ ജയിലിലടയ്ക്കാൻ തീരുമാനിച്ച പ്രോസിക്യൂട്ടറുടെ അതേ ഓഫീസാണ് ഇയാളുടെ നിരപരാധിത്വം അംഗീകരിച്ചു ജയിലിൽ നിന്ന് മോചിപ്പിക്കാൻ നടപടികൾ ആരംഭിച്ചത്.
മേയ് 10 ചൊവ്വാഴ്ച ജാൽസണ് കൗണ്ടി പ്രോസിക്യൂട്ടർ ജീൻ പീറ്റേഴ്സ് ബേയാണ് വിവരം ഒൗദ്യോഗികമായി വെളിപ്പെടുത്തിയത്.
1978ൽ നടന്ന സംഭവത്തിന് ഏകദൃക്സാക്ഷി സിന്ധ്യ ഡഴ്സലാണ് കെവിനെ കേസിൽ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്.
ഷെറി ബ്ലാക്ക്, ജോണ്വാക്കർ, ലാറി ഇൻഗ്രാം എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന സിന്ധ്യയ്ക്കും കാലിൽ വെടിയേറ്റിരുന്നു.
പക്ഷേ ഇവർ മരിച്ചത് പോലെ കിടന്നതുകൊണ്ട് കൂടുതൽ വെടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
ആദ്യം ഇവർ മറ്റു രണ്ടുപേരെയാണ് പ്രതികളായി ചൂണ്ടിക്കാട്ടിയത്. കെവിനെ നേരിട്ട് അറിയില്ലെങ്കിലും തോക്ക് പിടിച്ചിരുന്നത് കെവിനാണെന്ന ഇവർ പോലീസിനെ അറിയിച്ചു.
കെവിനെ കൂടാതെ വിൻസെന്റ് ബെൽ , കിലൻ ആഡ്കിൻസ് എന്നിവരും കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നു. സംഭവസമയത്ത് കെവിൻ ഇല്ലായിരുന്നുവെന്ന് ബെൽ പറഞ്ഞുവെങ്കിലും കോടതിയിൽ അംഗീകരിക്കപ്പെട്ടില്ല.
2009ൽ ദൃക്സാക്ഷിയായിരുന്ന സിന്ധ്യ കെവിൻ നിരപരാധിയാണെന്ന് തിരുത്തി പറഞ്ഞു. 2013ൽ ഇവർ മരിക്കുകയും ചെയ്തു.
ഇന്നസന്റ് പ്രോജൻസിന്റെ അന്വേഷണത്തിലാണ് ഒടുവിൽ കെവിൻ പ്രതിയല്ലെന്ന് കണ്ടെത്തി വിട്ടയ്ക്കാൻ തീരുമാനിച്ചത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ