കണമല: മകൻ കഞ്ചാവുമായി വിദേശത്ത് ജയിലിലായത് ചതിയിൽ കുരുങ്ങിയതാണെന്ന തെളിവുകൾ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചതിന്റെ ആശ്വാസത്തിൽ എരുമേലി എയ്ഞ്ചൽവാലി സ്വദേശി അമ്മ റോസമ്മ. ഒപ്പം ഹൈക്കോടതിയിൽ റോസമ്മയുടെ ഹർജിയിൽ കക്ഷി ചേർന്ന അമ്മമാരും പ്രതീക്ഷയോടെ മക്കളുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു.
ഖത്തറിൽ മയക്കുമരുന്നുമായി പിടിക്കപ്പെട്ട മൊത്തം 54 ഇന്ത്യക്കാരുടെ നിരപരാധിത്വം തേടിയുള്ള അന്വേഷണത്തിനാണ് റോസമ്മയുടെ ഹർജി വഴിത്തിരിവായിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് സംഘം ഒരാളെ അറസ്റ്റ് ചെയ്തു. തുടരന്വേഷണത്തിന് ഖത്തറിൽ നിന്നും നിർണായകമായ വിവരങ്ങൾ തേടുന്നതിന് കോടതിയോട് അനുമതി ആവശ്യപ്പെട്ടിരിക്കുകയാണ് ക്രൈംബ്രാഞ്ച്.
ഖത്തറിൽ ജയിലിൽ കഴിയുന്നവരുടെ മൊഴി എടുക്കുന്നതിനും തുടരന്വേഷണത്തിനുമാണ് സിബിഐ മുഖേന ഇന്റർപോളിന്റെയും എംബസിയുടെയും സഹായം തേടി കോടതിയുടെ അനുമതിക്കു സമീപിച്ചിരിക്കുന്നത്.എയ്ഞ്ചൽവാലി കാരന്താനം പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മയുടെ മകൻ കെവിൻ മാത്യു (26) ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ജയിലിലായത്.
ഖത്തറിലേക്ക് വീസ നൽകാൻ കെവിനെ സഹായിച്ചവരിൽ ഒരാളെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് കെവിൻ ചതിക്കപ്പെട്ടതാണെന്ന തെളിവുകൾ ലഭിച്ചത്. വിസ നൽകിയ ഏജന്റുമാർ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളാണെന്നും വിമാനത്താവളത്തിൽവച്ച് ഇവർ നൽകിയ പൊതിയാണ് ഖത്തറിലെത്തിയപ്പോൾ കഞ്ചാവായി പിടിക്കപ്പെട്ടതെന്നുമുള്ള സൂചനകൾ ലഭിച്ചിട്ടുണ്ട്.
ജയിലിൽ കഴിയുന്ന എറണാകുളം സ്വദേശികളായ മൂക്കന്നൂർ ആഷിക് ആഷ്ലി (22), ചേലാമറ്റം ശരത് ശശി (24) . ചെങ്ങന്നൂർ സ്വദേശി ആദിത്യ മോഹനൻ (21) എന്നിവരുടെ അമ്മമാരാണ് കോടതിയിൽ കേസിൽ കക്ഷി ചേർന്നത്. ഹെഡ്ക്വാർട്ടേഴ്സ് ഐജി പി. വിജയന്റെ മേൽനോട്ടത്തിൽ എസ്പി കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. നിർധനയും വിധവയുമായ റോസമ്മക്ക് വേണ്ടി നാട്ടുകാരനായ ഹൈക്കോടതി അഭിഭാഷകൻ എരുമേലി പുത്തൻവീട്ടിൽ മുഹമ്മദ് ഷാ ആണ് ലോക്കൽ പോലീസ് എഴുതി തള്ളിയ കേസ് ഹൈക്കോടതിയിലെത്തിച്ചത്.