കോട്ടയം: കെവിൻ വധക്കേസിൽ കോട്ടയത്തെ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായം പ്രതികൾക്കു ലഭിച്ചോ എന്ന സംശയം ഉയരുന്നു. കെവിന്റെ പിതാവ് തന്നെ ഇക്കാര്യം വ്യക്തമാക്കി. സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് കെവിന്റെ പിതാവ് രാജു സംശയം ഉയർത്തിയത്. ആരുടെയെങ്കിലും ഒത്താശ ഇതിനു പിന്നിലുണ്ടെന്നാണ് രാജുവിന്റെ ആരോപണം.
കെവിനെ തട്ടിക്കൊണ്ടുപോയ സംഭവം വിവരിക്കുന്പോൾ സ്വാഭാവികമായും എല്ലാവരിലും ഈ സംശയം ഉയർന്നിട്ടുണ്ട്. സംഭവ ദിവസം കെവിൻ ബന്ധുവായ അനീഷിന്റെ മാന്നാനത്തുള്ള വീട്ടിലായിരുന്നു. ഉൾപ്രദേശമായ ഇവിടെ പുറത്തുനിന്നുള്ളവർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്.
പുലർച്ചെ ഒരു മണി വരെ വീട്ടിൽ കെവിന്റെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. സുഹൃത്തുക്കൾ പോയിക്കഴിഞ്ഞാണ് അക്രമികൾ വീടാക്രമിച്ച് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയത്.
സുഹൃത്തുക്കൾ പോയത് ഇത്ര കൃത്യമായി എങ്ങനെയാണ് അക്രമികൾക്ക് ലഭിച്ചത് ? ആരാണ് വിവരം കൈമാറിയത് ? തുടങ്ങിയ ചോദ്യങ്ങൾ അവശേഷിക്കുകയാണ്. പിടിയിലായ പ്രതികളുടെ ഫോണ് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും.
ഏതെങ്കിലും പാർട്ടിയുടെ പ്രാദേശിക നേതാക്കൾ സഹായിച്ചിട്ടുണ്ടെങ്കിൽ പ്രതികൾ വിളിച്ച നന്പരിൽ നിന്ന് പകൽ പോലെ വെളിച്ചത്താവും. പക്ഷേ അന്വേഷണ സംഘം അതിനു തയാറാകുമോ എന്നാണ് കണ്ടറിയേണ്ടത്.