കോട്ടയം: കെവിൻ വധവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ രണ്ടു പോലീസുകാർക്ക് അന്വേഷണ ഉദ്യോഗസ്ഥർ കാരണം കാണിക്കൽ നോട്ടീസ് നൽകി.
കെവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയവരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ കേസിൽ അറസ്റ്റിലായ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവർക്കാണു നോട്ടീസ്.
കേസിനാസ്പദമായ സംഭവം നടന്ന ദിവസത്തെ കാര്യങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾ നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥർ പറയുന്ന കാര്യങ്ങൾ ശരിയാണോയെന്നു പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അഡ്മിനിസ്ട്രേറ്റീവ് ഡിവൈഎസ്പി വിനോദ് പിള്ളയെ ചുമതലപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കർ പറഞ്ഞു.
കാരണം കാണിക്കൽ നോട്ടീസിലുള്ള റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വരുംദിവസങ്ങളിൽ വിശദമായി ചോദ്യംചെയ്യും.ഡിവൈഎസ്പി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക.