കോട്ടയം: സാക്ഷികളെ തെറ്റിദ്ധരിപ്പിക്കാൻ രൂപമാറ്റം വരുത്തിയിട്ടും കെവിൻ വധക്കേസിലെ ഒന്നാം സാക്ഷി അനീഷ് ഏഴു പ്രതികളെ തിരിച്ചറിഞ്ഞു. തങ്ങളെ തിരിച്ചറിയരുതെന്ന ഉദേശത്തോടെ നടത്തിയ രൂപമാറ്റം കോടതിക്കും ബോധ്യപ്പെട്ടെന്ന രീതിയിലായിരുന്നു പ്രോസിക്യൂഷൻ വാദം.
എന്നാൽ പ്രതികളുടെ നാടകാഭിനയം കേസിനെ ബാധിക്കില്ലെന്നും ശാസ്ത്രീയ തെളിവുകൾ അടക്കമുള്ളവ പ്രതികൾക്കെതിരായി ഉണ്ടെന്നും സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.സി.എസ് അജയൻ പറഞ്ഞു. ദുരഭിമാനത്തിന്റെ പേരിൽ കെവിൻ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഇന്നലെ വിചാരണ ആരംഭിച്ച കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങളായിരുന്നു.
ഒരേ പോലെ വേഷം ധരിച്ചെത്തിയ പ്രതികൾ, മുടിയും താടിയും വെട്ടിയൊതുക്കി രൂപമാറ്റം വരുത്തിയാണ് എത്തിയത്. സംഭവ സമയത്തേതിൽ നിന്നും രൂപവും ഭാവവും മാറ്റിയെത്തിയ ആറ് പ്രതികളെ കേസിലെ ഒന്നാം സാക്ഷിയായ അനീഷിനു തിരിച്ചറിയാൻ സാധിച്ചില്ല. മൊത്തം 14 പ്രതികളുള്ളതിൽ ഷാനു ചാക്കോയുടെ പിതാവ് ചാക്കോ സംഭവത്തിൽ നേരിട്ടുപങ്കാളിയല്ലാത്തതിനാൽ അനീഷിനു ചാക്കോയെ അറിയില്ല. ബാക്കി 13 പ്രതികളിൽ ഏഴു പേരെയാണ് ഇന്നലെ അനീഷ് തിരിച്ചറിഞ്ഞത്.
അനീഷിന്റെ മാന്നാനത്തെ വീട്ടിൽ നിന്നാണു പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോയത്. കെവിനൊപ്പം അനീഷിനെയും പ്രതികൾ തട്ടിക്കൊണ്ടു പോയിരുന്നു. അതുകൊണ്ടു തന്നെ കേസിലെ ഏറ്റവും നിർണായകമായ സാക്ഷി അനീഷാണ്. കേസിലെ 14 പ്രതികളെയും കോടതിയിൽ ഹാജരാക്കിയിരുന്നു.
എല്ലാവരും വെള്ള വസ്ത്രം ധരിച്ചാണ് എത്തിയത്. സംഭവം ഉണ്ടായ സമയത്ത് മുടി നീട്ടി വളർത്തിയിരുന്ന പ്രതികൾ മുടി മുറിച്ചു. താടിയുണ്ടായിരുന്നവർ ക്ലീൻ ഷേവായാണ് എത്തിയത്. കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത് പ്രകാരം ഓരോ പ്രതികളും ചെയ്ത കാര്യങ്ങൾ അഭിഭാഷകർ ചോദിക്കുന്പോൾ, അനീഷ് ആളുകളെ തിരിച്ചറിയുന്നതാണ് തിരിച്ചറിയൽ പരേഡിന്റെ ഭാഗമായി ക്രമീകരിച്ചിരുന്നത്.
ഷാനു ചാക്കോയും, നിയാസും അടക്കമുള്ള പ്രതികളെ അനീഷ് തിരിച്ചറിഞ്ഞു. എന്നാൽ, ബാക്കിയുള്ള അഞ്ചു പ്രതികളെ തിരിച്ചറിയാൻ സാധിച്ചില്ല. കെവിന്റെ പ്രതിശ്രുത വധു നീനു ചാക്കോയുടെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ അടക്കമുള്ളവരെയാണ് തിരിച്ചറിയാനാവാതെ പോയത്.
നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ ഷാനു ചാക്കോ എന്നിവർ അടക്കം 14 പ്രതികളാണ് കേസിലുള്ളത്. കൊലക്കുറ്റം അടക്കം പത്തു വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ദുരഭിമാനകൊലപാതകത്തിന്റെ പരിധിയിൽപ്പെടുത്തിയാണ് കേസിൽ വിചാരണ നടക്കുന്നത്. ഇന്നു മുതൽ ജൂണ് ആറു വരെ തുടർച്ചയായാണ് വിചാരണ നടക്കുക.
അതേ സമയം പ്രതികളുടെ ചിത്രം പകർത്താനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രോശിച്ച പ്രതികളോട് ഒപ്പമുണ്ടായിരുന്നവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. കേസിൽ അഞ്ചു പ്രതികൾക്ക് ഇതുവരെ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ പ്രതികളും കോടതിയിൽ എത്തിയിരുന്നു.
അനീഷിനെ പ്രതിഭാഗം അഭിഭാഷകൻ ഇന്നലെ ക്രോസ് വി്സ്താരം നടത്തി. ക്രോസ് വിസ്താരം ഇന്നും തുടരും. ക്രോസ് വിസ്താരം പൂർത്തിയായാൽ 23-ാം സാക്ഷിയും ഗാന്ധിനഗർ ടൂറിസ്റ്റ്ഹോം മാനേജരുമായ അനിൽകുമാറിനെ പ്രോസിക്യൂഷൻ വിസ്തരിക്കും. പ്രതികൾ അനീഷിനെ തട്ടിക്കൊണ്ടുപോയതിന് തലേന്ന് ഗാന്ധിനഗറിലെ ലോഡ്ജിലാണ് താമസിച്ചത്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സി.ജയചന്ദ്രനാണ് കോടതിയിൽ വാദം കേൾക്കുന്നത്. പ്രോസിക്യൂഷൻ സഹായികളായി അഭിഭാഷകരായ ഷിന്േറാ കുര്യൻ ജോസഫ്, നിബുജോണ്, നിരഞ്ജന നടുവത്തറ എന്നിവരും കോടതിയിൽ ഹാജരായി.