കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട കെവിൻ എന്ന യുവാവിന്റെ മൃതദേഹം മാന്നാനത്തെ വീട്ടിലെത്തി. കെവിന്റെ കുടുംബം വാടകയ്ക്ക് തമാസിക്കുന്ന മാന്നാനത്തെ വീട്ടിലാണ് മൃതദേഹം എത്തിച്ചിരിക്കുന്നത്.
രാവിലെ പതിനൊന്നോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളജിൽ നിന്നും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്ന് ആംബുലൻസിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
മൃതദേഹം വീട്ടിലെത്തിച്ചതോടെ ഹൃദയഭേദക രംഗത്തിനാണ് ഏവരും സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഭാര്യ നീനയെ സമാധാനിപ്പിക്കാൻ ആർക്കും സാധിച്ചില്ല. കെവിന്റെ അമ്മയും സഹോദരിയും ബന്ധുക്കളും അലമുറയിട്ട് കരഞ്ഞത് ഏവരെയും ദുഃഖത്തിലാഴ്ത്തി.
ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം നല്ലിടയൻ ദേവാലയത്തിലാണ് സംസ്കാരം തീരുമാനിച്ചിരിക്കുന്നത്. അതുവരെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. നിരവധി ആളുകളാണ് കെവിന്റെ വീട്ടിൽ എത്തിയിരിക്കുന്നത്.