ഏറെ പ്രതീക്ഷയോടെ വളര്‍ത്തിയ മകന്‍ മരിച്ച ദുഖത്തിനിടയിലുംകുടുംബം പുലര്‍ത്താനായി വര്‍ക്ക്‌ഷോപ്പിലേക്ക് തിരികെ പോകാനുള്ള ഒരുക്കത്തിലാണ് കെവിന്റെ പിതാവ് ജോസഫ്. കോട്ടയം ചവിട്ടുവരി ജംഗ്ഷനിലുള്ള വര്‍ക്‌ഷോപ്പിലെ മെക്കാനിക്കായി ജോലി നോക്കിയിരുന്ന ജോസഫ് ജീവിതത്തില്‍ സംഭവിച്ച അപ്രതീക്ഷിത തിരിച്ചടികളില്‍ നിന്ന് കരകയറാനുള്ള ഒരുക്കത്തിലാണ്.
സ്‌നേഹിച്ച പെണ്ണിന് വേണ്ടി ജീവന്‍ നഷ്ടപ്പെട്ട ഒരു ദുരന്ത നായകന്റെ അച്ഛനാണ് അദ്ദേഹം. ഒരുദിവസംപോലും തന്റെ മകനൊപ്പം താമസിക്കാന്‍ ഭാഗ്യമില്ലാതെപോയ യുവതിയെ മരുമകളായി സ്വീകരിച്ച ജോസഫ് കേരളീയസമൂഹത്തിനാകെ മാതൃകയാണ്. മകന്റെ വിയോഗ ദുഃഖത്തിനിടയിലും നീനു ചാക്കോയെന്ന അവന്റെ വധുവിനെ, ജോസഫ് മകളെയെന്നപോലെ ചേര്‍ത്തണയ്ക്കുന്നതു കണ്ട് വിതുമ്പാത്തവരില്ല.
ടി.വിയിലും പത്രത്താളുകളിലും മാത്രം കണ്ടുപരിചയിച്ച നേതാക്കള്‍ ഓരോരുത്തരായി പിലാത്തറ വീട്ടിലേക്ക്, ചെളിനിറഞ്ഞ മണ്‍വഴി താണ്ടിയെത്തിയപ്പോഴും ജോസഫിനു തികഞ്ഞ നിസംഗതയായിരുന്നു.
കഴിഞ്ഞ 29നു കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുന്നില്‍ മകന്റെ മൃതദേഹത്തിനായി പോരടിച്ചവരും ഇന്നടുത്തില്ല. എങ്കിലും വീട്ടിലെത്തി ആശ്വാസം പകര്‍ന്നവരോടെല്ലാം ജോസഫിനു നന്ദി മാത്രം. രാഷ്ട്രീയസമുദായനേതാക്കള്‍ക്കൊപ്പം ഫോട്ടോയ്ക്കു നിന്നുകൊടുക്കുമ്പോഴും ഈ പിതാവിന്റെ മനസ് മരവിച്ചിരുന്നു.
വന്നവര്‍ക്കെല്ലാം അറിയേണ്ടത് ഒന്നുമാത്രമായിരുന്നു; മകനൊപ്പം ഇറങ്ങിവന്ന നീനുവിന്റെ ഭാവി. അതിനു ജോസഫിന് ഉറച്ച മറുപടിയുണ്ടായിരുന്നു: “അവള്‍ക്കു കെവിന്റെ വീട്ടില്‍ ജീവിച്ചാല്‍ മതി. അവളുടെ ആഗ്രഹം അതാണെങ്കില്‍, അതിനു മാറ്റമില്ല”. നീനുവിന്റെ നിലപാടും മറിച്ചല്ല.
“കെവിന്റെ വീട്ടില്‍ ജീവിച്ച്, അച്ചാച്ചനെയും അമ്മയേയും കെവിന്റെ പെങ്ങളെയും പൊന്നുപോലെ നോക്കും”. ആരോഗ്യമുള്ളിടത്തോളം നീനുവുള്‍പ്പെടുന്ന കുടുംബത്തെ പുലര്‍ത്തുമെന്ന് ജോസഫ് ആണയിടുന്നു. സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഇനി വര്‍ക്ക്‌ഷോപ്പിലേക്ക് മടങ്ങിയേ പറ്റൂ.