കോട്ടയം: അവർ പരസ്പരം നോക്കിയില്ല. ഒന്നും സംസാരിച്ചുമില്ല. നീനുവും പിതാവ് ചാക്കോയും സഹോദരൻ ഷാനുവും വാദി- പ്രതിക്കൂടുകളുടെ അകലത്തിൽ കോടതിയിൽ നിന്നു. നടുവിൽ ജഡ്ജി. ചുറ്റും അഭിഭാഷകർ. സാക്ഷി പറയുന്നത് സ്വന്തം പിതാവിനും ഏക സഹോദരനുമെതിരേ
പ്രതിക്കൂട്ടിൽ നിൽക്കുന്നവരിൽ ചിലർ മാതൃസഹോദരിയുടെ മക്കൾ. കെവിൻ കൊല ചെയ്യപ്പെട്ടു തെളിവെടുപ്പിനുശേഷം ആദ്യമായുള്ള കൂടിക്കാഴ്ച. ഈ മൊഴികൊടുക്കൽ വേളയിൽ അമ്മ രഹന കോടതിയിൽ എത്തിയിരുന്നില്ല. പച്ചനിറമുള്ള ചുരിദാറും ക്രീം ഷാളും അണിഞ്ഞാണ് നീനു കോടതിയിൽ എത്തിയത്.
നീനു തെന്മലയിലെ വീട്ടിൽനിന്നു കാമുകനായ കെവിനൊപ്പം ജീവിക്കാൻ പുറപ്പെട്ടിട്ട് ഒരു വർഷമെത്തുകയാണ്. കഴിഞ്ഞ മേയ് 24നാണ് നീനു മാന്നാനത്തെത്തുന്നത്. നീനുവിനെ മടക്കിക്കൊണ്ടുപോകാൻ ബന്ധുക്കളെത്തുന്നതും ഗാന്ധിനഗർ സ്റ്റേഷനിൽ പരാതിപ്പെടുന്നതും പിന്നീട് തട്ടിക്കൊണ്ടുപോയി കൊലചെയ്തതുമായ സംഭവങ്ങൾ തുടർക്കഥ.
അത്യപൂർവമായ വിചാരണാമുഹൂർത്തം
കോട്ടയം: ഉറച്ച നിലപാടുമായി ഏതു ചോദ്യത്തിനും ഉത്തരം പറയാനുള്ള ഉറപ്പോടെയാണ് നീനു ചാക്കോ ഇന്നലെ കോട്ടയം ജില്ലാ കോടതിയിലെത്തിയത്. വിചാരണ ചരിത്രത്തിൽ അപൂർവം എന്നു വിശേഷിപ്പിക്കാവുന്ന കേസ് റിപ്പോർട്ട് ചെയ്യാൻ കോടതി പരസരമാകെ മാധ്യമ പ്രതിനിധികൾ. നീനു എന്തു മൊഴി നൽകും എന്നറിയാൻ കോടതി നിറയെ അഭിഭാഷകർ. അതീവ വാർത്താപ്രാധാന്യം നേടിയ കേസുകളിൽ വിധി കേൾക്കാൻ തടിച്ചുകൂടുന്ന വിധം ആൾക്കൂട്ടത്തിനു നടുവിലായിരുന്നു കെവിൻ കൊലക്കേസിൽ ഇന്നലെ നടന്ന വിസ്താരം.
വിചാരണക്കോടതി മുറിയിലെ അഴിള്ളിൽ പ്രതികളായി പിതാവും സഹോദരനും. സാക്ഷിക്കൂടിനുള്ളിൽ നീനു ചാക്കോ. പ്രതികളുടെ അഭിഭാഷകരുടെ ചോദ്യങ്ങൾ ഇടമുറിയാതെ വന്നിട്ടും നീനു പതറിയില്ല. പിതാവ് ചാക്കോയും സഹോദരൻ ഷാനു ചാക്കോയും തന്നെയാണു തന്റെ ഭർത്താവ് കെവിന്റെ കൊലപാതകത്തിനു പിന്നിലെന്നു നീനു ആവർത്തിച്ചു പറഞ്ഞു.
താഴ്ന്ന ജാതിയിൽപ്പെട്ട കെവിനെ വിവാഹം കഴിക്കുന്നതു കുടുംബത്തിനു മാനക്കേടുണ്ടാക്കുമെന്ന് പിതാവും സഹോദരനും നിരവധി തവണ പറഞ്ഞിരുന്നതായി നീനു കോട്ടയം പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതിയെ ധരിപ്പിച്ചു. ഇന്നലെ രാവിലെ കോടതി നടപടികൾ ആരംഭിക്കുന്നതിനു മുൻപുതന്നെ നീനു കോടതിയിൽ എത്തിയിരുന്നു. കെവിൻ കൊലക്കേസിലെ പ്രധാന സാക്ഷികളിലൊരാളായ നീനു കോടതിയിൽ എത്തിയത് പോലീസ് സുരക്ഷയിലാണ്.
രാവിലെ 9.30നു കെവിന്റെ പിതാവ് ജോസഫിനോടൊപ്പം നീനു പോലീസ് ക്ലബിൽ എത്തി. തുടർന്നു പോലീസ് സംരക്ഷണയിൽ കോടതിയിലേക്കു കയറി. ജില്ലാ ജയിലിനു സമീപമുള്ള പോലീസ് ക്ലബിൽനിന്നു നടന്നു കളക്ടറേറ്റിനു പിന്നിലെ കാന്റീനു സമീപത്തുകൂടിയാണ് കോടതിയിൽ പ്രവേശിച്ചത്. കോടതിയുടെ മുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകർക്കു കോടതി മുറിക്കുള്ളിൽ നീനു എത്തിയ വിവരം വൈകിയാണ് അറിയാൻ കഴിഞ്ഞത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ചോദ്യങ്ങൾക്കു മുന്നിൽ പതറാതെ നിന്ന നീനു പക്ഷേ കെവിന്റെ ഓർമകൾക്കു മുന്നിൽ കോടതിമുറിയിൽ വിങ്ങിപ്പൊട്ടി.
രാവിലെ 10നു തുടങ്ങിയ വാദം ഉച്ചകഴിഞ്ഞു രണ്ടു വരെ നീണ്ടു. കോടതിൽനിന്നു മടങ്ങുന്നതിനിടെ കോടതി മുറിയിൽ അയൽവാസിയായ ആമിനയെ കണ്ടതോടെ സങ്കടം അണപൊട്ടി. ആമിനയെ കെട്ടിപ്പിടിച്ചു കരഞ്ഞ നീനു കുറച്ചു നേരത്തിനുശേഷമാണു പുറത്തേക്കു പോയത്.
ചാക്കോയുടെ വീടിന്റെ സമീപമാണു ആമിനയുടെ വീട്. കേസിൽ സാക്ഷിയായ തെൻമല സ്വദേശി ആമിന ഇന്നലെ വിസ്താരത്തിനുവേണ്ടി സമൻസ് ലഭിച്ചതിനാലാണു കോടതിയിലെത്തിയത്.
ഉച്ചകഴിഞ്ഞ് 2.30നു കോടതി നടപടികൾ പൂർത്തിയാക്കി നീനു പോലീസ് ക്ലബിലേക്ക് മടങ്ങി. കെവിന്റെ ബന്ധുവും ഒരു വനിതാ പോലീസ് ഓഫീസറും മഫ്തിയിൽ കൂടുതൽ പോലീസുകാരും നീനുവിനോടൊപ്പമുണ്ടായിരുന്നു. നീനുവിനെ പോലീസ് ക്ലബിൽ ഇറക്കിയശേഷം സ്കൂട്ടർ കോടതി പരിസരത്ത് പാർക്കു ചെയ്തശേഷമാണ് കെവിന്റെ പിതാവ് ജോസഫ് എത്തിയത്. വിസ്താരം പൂർത്തിയായശേഷം നീനുവിനും ബന്ധുവിനുമൊപ്പമാണ് ജോസഫ് മടങ്ങിയത്.കേസ് അന്വേഷിച്ച ഡിവൈഎസ്പി ഗിരീഷ് പി. സാരഥി കഴിഞ്ഞദിവസമാണു നീനുവിനെ വിസ്തരിക്കുന്ന വിവരം കെവിന്റെ വീട്ടിൽ അറിയിക്കുന്നത്. സുരക്ഷയെക്കരുതിയാണ് സംരക്ഷണം ഏർപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു.
ഒന്നിലേറെ തവണ പ്രതികരണം ആരായാൻ മാധ്യമങ്ങൾ നീനുവിനെ സമീപിച്ചെങ്കിലും തൂവാല കൊണ്ട് വായപൊത്തി കുനിഞ്ഞു നടന്നതേയുള്ളു. കെവിന്റെ പിതാവ് ജോസഫിനു മുന്നിലും മാധ്യമങ്ങൾ എത്തിയപ്പോൾ അദ്ദേഹവും മൗനം പാലിച്ചതേയുള്ളു. രാവിലെ പത്തിനു മുൻപുതന്നെ പ്രതികളെ കോടതിയിൽ എത്തിച്ചിരുന്നു. അതിനിർണായകമായ വിചാരണ നടക്കുന്നതിനാൽ പ്രതികളെല്ലാം നിശബ്ദരായിരുന്നു.