കോട്ടയം: കെവിൻ കൊലക്കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ മൊഴി പുറത്ത്. മാന്നാനത്തെ വീട്ടിൽനിന്നും തട്ടിക്കൊണ്ടു പോകവേ കെവിൻ പി. ജോസഫ് ഓടി രക്ഷപ്പെട്ടുവെന്ന് ഷാനു ചാക്കോ മൊഴി നൽകി. തെന്മലയിൽ കാർ നിർത്തിയപ്പോളാണ് കെവിൻ ഓടി രക്ഷപ്പെട്ടത്. കെവിന്റെ പുറകെ ഓടിയെങ്കിലും കണ്ടെത്താനായില്ലെന്നും ഇതോടെ സംഘത്തിലുള്ളവർ തിരികെ വന്നുവെന്നും ഷാനു പോലീസിനു മൊഴി നൽകി.
കെവിനോടൊപ്പം തട്ടിക്കൊണ്ടുപോയ അനീഷിനെ കോട്ടയത്ത് വിട്ടുവെന്നും ഷാനുവിന്റെ മൊഴി. കേസിലെ മുഖ്യപ്രതികളായ ഷാനു ചാക്കോയും അദ്ദേഹത്തിന്റെ പിതാവ് ചാക്കോ ജോണും കണ്ണൂർ ജില്ലയിലെ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ എത്തി ചൊവ്വാഴ്ച കീഴടങ്ങുകയായിരുന്നു. ഇരുവരെയും കോട്ടയത്ത് എത്തിച്ചാണ് മൊഴിയെടുത്തത്.
അതേസമയം കെവിന്റെ മരണം വെള്ളത്തിൽ മുങ്ങിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. കെവിന് അക്രമി സംഘത്തിൽനിന്നും ഓടി രക്ഷപ്പെടുന്നതിനിടെ വെള്ളത്തിൽ വീണതാകമെന്നും പോലീസ് സംശയിച്ചിരുന്നു.