കോട്ടയം: ദുരഭിമാനത്തിന്റെ പേരിൽ നവവരൻ കെവിൻ പി. ജോസഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോട്ടയത്തെത്തിച്ചു. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് കൊല്ലം തെന്മല ഒറ്റക്കൽ സാനുഭവനിൽ ചാക്കോ ജോണ്‍, സഹോദരൻ ഷാനു ചാക്കോ, ക്വട്ടേഷൻ സംഘമായ മനു എന്നിവരെയാണ് പുലർച്ചയോടെ കോട്ടയത്തെത്തിച്ചത്. ഇവരെ ഐജി വിയജ് സാഖറെയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
ഇതിനിടെ കേസിൽ റിമാന്‍ഡിലായ റിയാസ്, നിയാസ്, ഇഷാന് എന്നിവരെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പോലീസ് ഏറ്റുമാനൂർ കോടതിയിൽ അപേക്ഷ സമര്‍പ്പിച്ചു. പ്രതികളെ 10 ദിവസത്തേക്കു കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
കേസിലെ മുഖ്യപ്രതികളായ ചാക്കോ ജോണും ഷാനു ചാക്കോയും കണ്ണൂർ ജില്ലയിലെ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. കേരള – കർണാടക അതിർത്തി പ്രദേശത്താണു കരിക്കോട്ടക്കരി. ഇതോടെ, കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി.