കോട്ടയം: കെവിൻ വധക്കേസിൽ അക്രമികൾക്ക് ഒത്താശ ചെയ്തു കൊടുത്ത സബ് ഇൻസ്പെക്ടർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. പോലീസിനെ നിർവീര്യമാക്കി കെവിനെ തട്ടിക്കൊണ്ടു പോകുവാനും അക്രമിസംഘത്തിന് രക്ഷപ്പെടാനുള്ള എല്ലാ ഒത്താശയും ചെയ്തു കൊടുത്ത സിപിഎം, ഡിവൈഎഫ്ഐ നേതൃത്വങ്ങൾ കേസ് അട്ടിമറിക്കുവാനുള്ള ശ്രമങ്ങളാരംഭിച്ചതായി ഡിസിസി പ്രസിഡന്റ് ആരോപിച്ചു.
സംഭവത്തിൽ സിപിഎം ഉന്നതന്റെ പങ്ക് വ്യക്തമാണ്. ഇതിന്റെ ജാള്യത മറയ്ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പോസ്റ്റ് മോർട്ടം നടന്ന മെഡിക്കൽ കോളജിലും, സംസ്കാര ചടങ്ങുകളിലും സിപിഎം നേതാക്കൾ അമിത ആവേശം കാട്ടിയത്.
ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട സിപിഎം നേതാക്കളുടെ ദുരഭിമാനമാണ് ഈ സ്ഥലങ്ങളിൽ പ്രകടമായത്.വേട്ടക്കാർക്കും ഇരയ്ക്കുമൊപ്പം ഒരു പോലെ നിലകൊള്ളുവാൻ ശ്രമിക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നയം വിലപ്പോകില്ല. ജില്ലയിലെ സിപിഎം നേതാക്കളും പോലീസും ചേർന്ന് നടത്തിയ ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ടെന്ന് ജോഷി ഫിലിപ്പ് ആരോപിച്ചു.