കോട്ടയം: കെവിൻ വധക്കേസിൽ കോടതിയിൽ പോലീസ് നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ചില ഭാഗങ്ങൾ പ്രതികളെ സഹായിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടുന്നു. കെവിനെ പ്രതികൾ പുഴയിലേക്ക് ഓടിച്ചിറക്കിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മർദനമേറ്റ് അവശനായി കിടന്നയാൾക്ക് എങ്ങനെയാണ് പുഴയിലേക്ക് ഓടാൻ സാധിക്കുക എന്ന ചോദ്യം ന്യായമായും ഉയരുന്നു.
സ്വന്തമായി ഓടാൻ കഴിഞ്ഞിരുന്നുവെങ്കിൽ അയാൾക്ക് കാര്യമായി മർദനമേറ്റിട്ടില്ല എന്ന വാദം ഉയർത്തി പ്രതിഭാഗത്തിന് നേരിടാനാകും. അങ്ങനെയൊരു വാദം ഉയർന്നാൽ കേസ് ദുർബലമാവുകയും ചെയ്യും. കെവിൻ ഓടിപ്പോയി എന്ന മൊഴിയിൽ പ്രതികൾ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്.
ഇതിന്റെയർഥം കെവിന് കാര്യമായ പരിക്ക് ഇല്ലായിരുന്നു എന്നു തന്നെയാണ്. ഇപ്പോൾ പോലീസ് നൽകിയ റിമാൻഡ് റിപ്പോർട്ടിൽ മരിക്കുമെന്ന ഉദേശത്തോടെ പുഴയിലേക്ക് ഓടിച്ചു വിട്ടുവെന്നും പുഴയിൽ വീണ് വെള്ളം കുടിച്ചു മരിച്ചു എന്നുമാണുമുള്ളത്. സ്വന്തമായി ഓടിപ്പോകാൻ കഴിയുന്നയാൾ രക്ഷപ്പെട്ടുകാണുമെന്നു കരുതിയെന്നും മരിക്കണമെന്ന ഉദേശമില്ലായിരുന്നുവെന്നും പ്രതിഭാഗ വാദത്തിന് ശക്തി പകരുന്നതാണ് പോലീസിന്റെ റിപ്പോർട്ട്.
പോസ്റ്റ്മോർട്ടം പരിശോധയിൽ ശ്വാസകോശത്തിൽ വെള്ളം ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. അതാണ് വെള്ളം കുടിച്ചാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക റിപ്പോർട്ട് ലഭിച്ചത്. എന്നാൽ മുക്കി കൊന്നതാണോ എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം വന്നാലേ ഇക്കാര്യം വ്യക്തമാവൂ.